കോഴിക്കോട്: എലത്തൂര്‍ കോരപ്പുഴ അഴിമുഖത്തിനടുത്ത് ഭീമന്‍ തിമിംഗിലത്തെ കണ്ടെത്തി. വേലിയേറ്റ സമയത്ത് കരയോട് ചേര്‍ന്ന മണല്‍ത്തിട്ടയില്‍ കുരുങ്ങിയ നിലയിലായിരുന്നു.
തിമിംഗലത്തെ മത്സ്യതൊഴിലാളികള്‍ ചേര്‍ന്ന് കടലിലേക്ക് തള്ളിവിട്ടു. ഇതിനിടയില്‍ ചില തൊഴിലാളികള്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. തിമിംഗിലത്തിന് 5.30 മീറ്ററിലധികം നീളമുണ്ടായിരുന്നു.
ഷോര്‍ട്ട് ഫിന്‍ പൈലറ്റ് വിഭാഗത്തില്‍പ്പെടുന്ന തിമിംഗലമാണ് തിട്ടയില്‍ കുടുങ്ങിയതെന്ന് മറൈന്‍ ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് വിഭാഗം അറിയിച്ചു.
ഇരതേടുന്നതിനായി എക്കോലൊക്കേഷന്‍ അനുസരിച്ചു സഞ്ചരിക്കുന്ന തിമിംഗലം കടലിനടിയിലെ ശബ്ദമലിനീകരണം കാരണം ദിശമാറിയെത്തിയതാകാം എന്നാണ് വിലയിരുത്തല്‍. സാധാരണയായി ആഴക്കടലിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.