തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരണമായി മാധ്യമങ്ങളോടു തട്ടിക്കയറുയും സിനിമാപ്രവര്‍ത്തകരെ പിന്തുണയ്ക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്ത കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തള്ളി. സുരേഷ് ഗോപിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അത് ബി.ജെ.പിയുടെ നിലപാടായി ചിത്രീകരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മുകേഷിനെക്കുറിച്ചുള്ള ആരോപണം സംബന്ധിച്ച ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോഴാണ് സുരേഷ് ഗോപി കുപിതനായത്. ഇതിനെ സുരേന്ദ്രന്‍ തള്ളി. ചലച്ചിത്ര നടനെന്ന നിലിയില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാം. ബി.ജെ.പിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയുന്നതാണ്, അല്ലാതെ സുരേഷ് ഗോപി പറയുന്നതല്ല. മുകേഷ് രാജിവെയ്ക്കണമെന്നതു തന്നെയാണ് ബി.ജെ.പിയുടെ നിലപാടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി നിലപാട് പറയുന്നത് പാര്‍ട്ടി അധ്യക്ഷനാണ്. ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയല്ല. സുരേഷ് ഗോപിക്കു മേല്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് നിയന്ത്രണമില്ലെയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കാത്തിരുന്ന് കണ്ടോളൂ എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.
ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കേണ്ട ബാധ്യത മുകേഷിന് കൂടുതലാണ്. ഇഷ്ടക്കാര്‍ക്ക് എന്തുമാകാമെന്ന സര്‍ക്കാര്‍ നിലപാടാണ് മുകേഷിന്റെ ധാര്‍ഷ്ട്യത്തിന് അടിസ്ഥാനം. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്മയാണ് കാണിക്കുന്നത്. കൊല്ലം എം.എല്‍.എയുടെ രാജി എഴുതി വാങ്ങാന്‍ പിണറായി തയ്യാറാകണം. ചലച്ചിത്രമേഖലയിലെ അനാശാസ്യ പ്രവണതകള്‍ കാണാതെ പോകരുത്. വരുന്നത് ഗുരുതരമായ ആരോപണം ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു.