ആദ്യമായി സ്വവര്‍ഗ പ്രണയം തിരശീലയില്‍ എത്തിച്ച സംവിധായകന്‍
കൊച്ചി: നവഭാവുകത്വ സിനിമകളുടെ ആദ്യ പ്രയോക്താവ് സംവിധായകന്‍ എം.മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 23 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പുതിയ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു മോഹന്‍.
1978ല്‍ സ്വവര്‍ഗ പ്രണയത്തെ തിരശീലയില്‍ എത്തിച്ച സംവിധായകനാണ്. വി.ടി.നന്ദകുമാറിന്റെ നോവലായിരുന്നു സിനിമയ്ക്ക് ആധാരം. നോവല്‍ സുരാസുവിനെ ഏല്‍പ്പിച്ച മോഹന്‍ തിരക്കഥയെഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. നോവലില്‍ നിന്നും വ്യത്യസ്തമായാണ് തിരക്കഥ ഒരുക്കിയതെങ്കിലും സിനിമയുടെ കഥയുടെ ക്രെഡിറ്റ് നന്ദകുമാറിന് നല്‍കാന്‍ സംവിധായകന്‍ തയ്യാറായി. സ്വവര്‍ഗ പ്രണയം കുറ്റവും അപമാനവുമായി കണ്ടിരുന്ന കാലത്താണ് ഇത്തരമൊരു സാഹസത്തിന് എം.മോഹന്‍ മുതിര്‍ന്നത്. സ്വതന്ത്ര സംവിധായകനായ ശേഷം ചെയ്ത രണ്ടാമത്തെ സിനിമയിലായിരുന്നു അന്നത്തെ സദാചാര ബോധത്തെ വെല്ലുവിളിക്കുന്ന പ്രമേയം തെരഞ്ഞെടുത്തത്.
രണ്ടു പെണ്‍കുട്ടികള്‍ രാജ്യത്താകെ ചര്‍ച്ച ചെയ്യുന്ന സിനിമയായി മാറി. സംവിധായകന്‍ അക്കാലത്ത് ഏറെ പഴി കേള്‍ക്കുകയും ചെയ്തു. കാലം മാറുമെന്നും അന്ന് ഈ പ്രമേയം ചര്‍ച്ച ചെയ്യുന്ന പൊതുസമൂഹം സൃഷ്ടിക്കപ്പെടുമെന്നും അംഗീകരിക്കപ്പെടുമെന്നുമാണ് മോഹന്‍ പ്രതികരിച്ചിരുന്നത്. അദ്ദേഹത്തിന്റെ പ്രതീക്ഷ പോലെ തന്നെ സ്വവര്‍ഗ പ്രണയം അംഗീകരിക്കപ്പെടുകയും വലിയ ചര്‍ച്ചകളുണ്ടാകുകയും ചെയ്തു. അക്കാലത്തെ സാംസ്‌കാരിക ബോധ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് രണ്ട് പെണ്‍കുട്ടികള്‍ മികച്ച സിനിമയാക്കി ചിത്രീകരിച്ചത്.
ആദ്യകാലം മുതല്‍ സിനിമയുടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ച മോഹന്‍, തിക്കുറിശ്ശി, എ.ബി.രാജ്, മധു, പി.വേണു, ഹരിഹരന്‍ തുടങ്ങിയ സംവിധായകരൊടൊപ്പെം സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1978ല്‍ വാടകവീട് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. അതേ വര്‍ഷം തന്നെ രണ്ടാമതെടുത്ത സിനിമയായിരുന്നു രണ്ട് പെണ്‍കുട്ടികള്‍. പിന്നാലെ വന്ന ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുമ്പേ, ഇളക്കങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധായകന്‍ എന്ന നിലയില്‍ മോഹനെ അടയാളപ്പെടുത്തി.
ഇടവേള, ആലോലം, രചന, തീര്‍ത്ഥം, മംഗളം നേരുന്നു, ശ്രുതി, ഒരു കഥ നുണക്കഥ, ഇസബെല്ല, സാക്ഷ്യം, മുഖം, അങ്ങനെ ഒരു അവധിക്കാലത്ത്, പക്ഷേ തുടങ്ങിയ സിനിമകള്‍ പ്രേക്ഷകപ്രീതി നേടിയിരുന്നു. 2005ലെ ദ ക്യാമ്പസ് എന്ന ചിത്രമായിരുന്നു അവസാന ചിത്രം. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.
വിടപറയും മുമ്പേയിലൂടെയാണ് നെടുമുടി വേണു ആദ്യമായി നായകനായത്. ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഇടവേള ബാബുവിന്റെ അരങ്ങേറ്റം. നാട്ടുകാരനും സുഹൃത്തുമായിരുന്ന ഇന്നസന്റിനെ സിനിമയിലെത്താന്‍ സഹായിച്ചതും മോഹനാണ്. പിന്നീട് ഇന്നസന്റുമായി ചേര്‍ന്ന് ചില ചിത്രങ്ങളും നിര്‍മിച്ചു. രണ്ടു പെണ്‍കുട്ടികള്‍ എന്ന സിനിമയിലെ നായികയും പ്രശസ്ത നര്‍ത്തകിയുമായ അനുപമയാണ് ഭാര്യ. പുരന്ദര്‍, ഉപേന്ദര്‍ എന്നിവര്‍ മക്കളാണ്.