സിന്ധുദുര്‍ഗ്: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണു. സിന്ധുദുര്‍ഗിലെ രാജ്കോട്ട് കോട്ടയില്‍ തിങ്കളാഴ്ചയാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്രമോദി 2023 ഡിസംബറില്‍ അനാച്ഛാദനം ചെയ്തതാണ് ഈ പൂര്‍ണകായ പ്രതിമ. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
35 അടി ഉയരമുള്ള പ്രതിമ തകര്‍ന്നുവീണതിന്റെ കാരണം വ്യക്തമായിട്ടില്ല. വിദഗ്ധപരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇതില്‍ വ്യക്തത വരികയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ കഴിഞ്ഞ മൂന്നുദിവസമായി കനത്ത മഴ തുടരുകയാണ്. മോശം കാലാവസ്ഥ പ്രതിമ തകരാന്‍ കാരണമായിരിക്കാം എന്നു കരുതപ്പെടുന്നു. എന്നാല്‍, സര്‍ക്കാര്‍ സ്ഥാപിക്കുന്ന പ്രതിമകള്‍ ഏതു കാലാവസ്ഥയിലും നിലനില്‍ക്കേണ്ടതല്ലേ എന്ന ചോദ്യം വിവിധ കേന്ദ്രങ്ങളില്‍ നിന്നുയരുന്നുണ്ട്.
സംഭവത്തില്‍ പ്രതിപക്ഷനേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. പ്രതിമയുടെ നിര്‍മാണത്തില്‍ സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചില്ലെന്നും പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധചെലുത്തിയതെന്നും എന്‍.സി.പി (ശരദ് പവാര്‍) സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്‍ പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തണമെന്ന് ശിവസേന (ഉദ്ദവ് താക്കറെ) എം.എല്‍.എ വൈഭവ് നായിക് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് പുതിയ പ്രതിമ സ്ഥാപിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി ദീപക് കെസാര്‍ക്കര്‍ പറഞ്ഞു.