28 C
Trivandrum

ശ്രീലേഖ മിത്രയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ കേസ്

കൊച്ചി: ബംഗാളി നടിയുടെ ശ്രീലേഖ മിത്രയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരേ കൊച്ചി നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി 354 അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക പൊലീസ് സംഘത്തിന് കേസ് കൈമാറുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എസ്.ശ്യാംസുന്ദര്‍ അറിയിച്ചു.

പ്രത്യേക അന്വേഷണസംഘം നല്കുന്ന മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചാകും മൊഴിയെടുക്കലും കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികളും. തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് നടി സിറ്റി പോലീസ് പൊലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ മുഖേന പരാതി നല്‍കിയത്. 2009ല്‍ സിനിമയുടെ ചര്‍ച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ കൊച്ചി കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

രഞ്ജിത്ത് സംവിധാനംനചെയ്ത പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയുണ്ടായി. തുടര്‍ന്ന് ചര്‍ച്ചയുടെ ഭാഗമായി കൊച്ചി കലൂര്‍ കടവന്ത്രയില്‍ രഞ്ജിത്ത് താമസിച്ചിരുന്ന ഫ്‌ളാറ്റിലേക്ക് വിളിച്ചു. ചര്‍ച്ചയ്ക്കിടെ, കൈയില്‍ മുറുകെ പിടിക്കുകയും പിന്നീട് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഫ്‌ളാറ്റില്‍നിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിയെന്നും നടി പരാതിയില്‍ പറയുന്നു.

സംഭവം നടന്നതിന് അടുത്ത ദിവസം തിരക്കഥാകൃത്ത് ജോഷി ജോസഫിനോട് പറഞ്ഞിരുന്നതായും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ലഭിക്കാന്‍ സഹായിച്ചത് അദ്ദേഹമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവം നടന്ന സ്റ്റേഷന്‍ പരിധിയിലാണ് പരാതി നല്‍കിയിരിക്കുന്നത്.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks