30 C
Trivandrum

മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഭൂമി തട്ടിപ്പ് ആരോപണക്കുരുക്കില്‍

ബംഗളൂരു: എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരില്‍ ഭൂമി തട്ടിപ്പ് ആരോപണമുയര്‍ത്തി ബി.ജെ.പി. കര്‍ണാടകത്തിലെ രണ്ടാമത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെയാണ് ബി.ജെ.പി. ഭൂമി തട്ടിപ്പ് ആരോപണമുയര്‍ത്തുന്നത്. നേരത്തേ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ഇതേ രീതിയില്‍ ആരോപണമുന്നയിക്കുകയും ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കുകയുമുണ്ടായി.

ഖാര്‍ഗെയുടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന് കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡിന്റെ (കെ.ഐ.എ.ഡി.ബി) ഭൂമി അനുവദിച്ചത് അനധികൃതമായാണെന്നാണ് ബി.ജെ.പി. രാജ്യസഭാ എം.പി. ലഹര്‍സിങ് സിറോയയുടെ ആരോപണം. ഖാര്‍ഗെയുടെ മകന്‍ രാഹുല്‍ ഖാര്‍ഗെ നേതൃത്വം നല്‍കുന്ന സിദ്ധാര്‍ഥ വിഹാര ട്രസ്റ്റിന് അഞ്ച് ഏക്കര്‍ സ്ഥലം കൈമാറിയത് ചൂണ്ടിക്കാട്ടിയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.

ബംഗളൂരുവിന് അടുത്തുള്ള ഹൈടെക് ഡിഫന്‍സ് എയ്റോസ്പെയ്സ് പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കാനായി മാറ്റിവെച്ച 45.94 ഏക്കറിലെ അഞ്ചേക്കറോളം സ്ഥലമാണ് ട്രസ്റ്റിന് അനുവദിച്ചത്. പട്ടികജാതി വിഭാഗക്കാര്‍ക്ക് അനുവദിക്കേണ്ട സ്ഥലം ലഭിച്ചത് ഖാര്‍ഗെയുടെ ഭാര്യയും മരുമകനും മക്കളും ചേര്‍ന്ന ട്രസ്റ്റിനാണെന്നും ഇത് അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവുമാണെന്നും സിറോയ ആരോപിച്ചു. കെ.ഐ.എ.ഡി.ബി. ഭൂമി അനുവദിക്കപ്പെടാന്‍ എപ്പോഴാണ് ഖാര്‍ഗെ കുടുംബം വ്യോമയാന വ്യവസായത്തിലേക്ക് ഇറങ്ങിയതെന്ന് ചോദിച്ച അദ്ദേഹം, നിയമവിരുദ്ധമായ ഭൂമി കൈമാറ്റം ഗവര്‍ണറുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും നിശ്ചിത തുകയ്ക്ക് ഇളവുകള്‍ ഒന്നുമില്ലാതെയാണ് ഭൂമി അനുവദിച്ചതെന്നും കര്‍ണാടക വ്യവസായമന്ത്രി എം.ബി.പാട്ടീല്‍ പ്രതികരിച്ചു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കാണ് ഭൂമി ഏറ്റെടുത്തതെന്ന് ഖാര്‍ഗെയുടെ മറ്റൊരു മകനും ട്രസ്റ്റിലെ അംഗവും കര്‍ണാടക ഐ.ടി. മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. നൈപുണ്യവികസന കേന്ദ്രം തുടങ്ങാനാണ് ട്രസ്റ്റ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1994ല്‍ നിലവില്‍ വന്ന ട്രസ്റ്റിന് കഴിഞ്ഞ മാര്‍ച്ചിലാണ് ഭൂമി അനുവദിച്ചത്. ഖാര്‍ഗെയുടെ ഭാര്യ രാധികഭായ് ഖാര്‍ഗെ, മരുമകനും ഗുല്‍ബര്‍ഗ എം.പിയുമായ രാധാകൃഷ്ണ, പ്രിയങ്ക് ഖാര്‍ഗെ എന്നിവര്‍ ട്രസ്റ്റ് അംഗങ്ങളാണ്. രാഹുല്‍ ഖാര്‍ഗെയാണ് ചെയര്‍മാന്‍.

മൈസൂര്‍ അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി -മൂഡയുടെ 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനല്‍കുന്ന വ്യക്തികള്‍ക്കു പകരം ഭൂമി മറ്റൊരിടത്തു നല്‍കുന്ന പദ്ധതിയാണിത്. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയുടെ പേരില്‍ മൈസൂരു ഔട്ടര്‍ റിങ് റോഡിലുള്ള കേസരയില്‍ സ്ഥിതിചെയ്യുന്ന ഭൂമി ഈ പദ്ധതി പ്രകാരം ലേഔട്ട് വികസിപ്പിക്കാന്‍ മൈസൂരു നഗരവികസന അതോറിറ്റിക്കു നല്‍കിയിരുന്നു. പകരം നല്‍കിയ ഭൂമി അവര്‍ അര്‍ഹിക്കുന്നതിനേക്കാള്‍ അധികം മൂല്യമുള്ളതാണെന്നും ഭൂമി കൈമാറ്റത്തില്‍ ക്രമക്കേടുണ്ടെന്നുമാണ് ആരോപണം.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks