ഇസ്ലാമാബാദ്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഞായറാഴ്ച പാകിസ്താനിലുണ്ടായ രണ്ട് ബസ്സപകടങ്ങളില്‍ 36 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്കു പരിക്കേറ്റു.
ഇറാഖില്‍ നിന്ന് ഷിയാ മുസ്ലിം തീര്‍ത്ഥാടകരുമായി ഇറാന്‍ വഴി വരികയായിരുന്ന ബസ് തെക്കുപടിഞ്ഞാറല്‍ പാകിസ്താനിലെ മക്‌റാന്‍ തീരദേശ ഹൈവേയില്‍ നിന്ന് കൊക്കയിലേക്കു മറിഞ്ഞാണ് ആദ്യ അപകടമുണ്ടായത്. ഈ അപകടത്തില്‍ 12 പേര്‍ മരിക്കുകയും 32 പേര്‍ക്കു പരിക്കേല്ക്കുകയും ചെയ്തു.
ബലൂചിസ്താന്‍ പ്രവിശ്യയിലെ ലാസ്‌ബെലാ ജില്ലയില്‍ കൂടി കടന്നുപോകുമ്പോള്‍ ബ്രേക്ക് തകരാറിലായതിനെത്തുടര്‍ന്ന് ഡ്രൈവര്‍ക്കു ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്ന് മേഖലാ പൊലീസ് മേധാവി ഖാസി സാബിര്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നവര്‍ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ളവരാണ്. പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ദുഃഖമറിയിച്ചു.
മണിക്കൂറുകള്‍ക്കു ശേഷം കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലെ കഹൂട്ട ജില്ലയിലുണ്ടായ മറ്റൊരപകടത്തില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 24 പേര്‍ മരിച്ചു. അപകടത്തിനിരയായവരില്‍ രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ബസിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന് പാക് അധീന കശ്മീരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഒമര്‍ ഫാറൂഖ് പറഞ്ഞു.