29 C
Trivandrum

കുഞ്ഞിക്കേളു, മണിയന്‍, അജയന്‍ -ഓണം പൊളിയാക്കാന്‍ ടൊവിനോയുടെ മൂന്നു ഭാവങ്ങള്‍

തിരുവനന്തപുരം: ടൊവിനോ തോമസ് നായകനാകുന്ന ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ (എ.ആര്‍.എം.) ട്രെയ്‌ലര്‍ പുറത്തിറക്കി. കുഞ്ഞിക്കേളു, മണിയന്‍, അജയന്‍ എന്നിങ്ങനെ ട്രിപ്പിള്‍ റോളില്‍ ആണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.

നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.എന്ന് നിന്റെ മൊയ്തീന്‍, കുഞ്ഞിരാമായണം, ഗോദ, കല്‍ക്കി എന്നി ചിത്രങ്ങളുടെ സഹ സംവിധായകനാണ് ജിതിന്‍ ലാല്‍. സെപ്റ്റംബറില്‍ ഓണം റിലീസായാണ് ചിത്രമെത്തുന്നത്. ടൊവിനോയുടെ മൂന്നു ഭാവങ്ങള്‍ ഓണം പൊളിയാക്കുമെന്നുറപ്പ്.

മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു എന്റര്‍ടൈനര്‍ ചിത്രമായിട്ടാണ് എ.ആര്‍.എം. ഒരുക്കുന്നത്. കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെ കടന്നു പോകുന്നു.

പൂര്‍ണമായും 3ഡിയില്‍ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ പൂര്‍ത്തിയാക്കുന്ന സിനിമകളില്‍ ഒന്നാണ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. ദൃശ്യമികവ് കൊണ്ടും മിന്നുന്ന പ്രകടനങ്ങള്‍ കൊണ്ടും പ്രേക്ഷകര്‍ക്ക് ഒരു ഗംഭീര വിരുന്നായിരിക്കും സിനിമ എന്ന് ട്രെയ്‌ലര്‍ വ്യക്തമാക്കുന്നു.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ടൊവിനോയുടെ നായികാ വേഷങ്ങളില്‍ എത്തുന്നത്. കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമ കൂടിയാണ് എ.ആര്‍.എം. സുജിത് നമ്പ്യാരുടേതാണ് കഥ തിരക്കഥ സംഭാഷണം.

മാജിക് ഫ്രെയിംസ്, യു.ജി.എം. മോഷന്‍ പിക്‌ചേര്‍സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോ.സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അഞ്ചു ഭാഷകളിലായി പാന്‍-ഇന്ത്യന്‍ ചിത്രമായാണ് എ.ആര്‍.എം. തിയേറ്ററുകളില്‍ എത്തുന്നത്.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks