28 C
Trivandrum

വെളിപ്പെടുത്തലിന്റെ പേരില്‍ മാത്രം രഞ്ജിത്തിനെതിരെ കേസില്ലെന്ന് സജി ചെറിയാന്‍

ചെങ്ങന്നൂര്‍: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ മാത്രം അടിസ്ഥാനത്തില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും രേഖാമൂലം പരാതി തന്നാല്‍ മാത്രമേ കേസെടുക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു റിപ്പോര്‍ട്ടിന്റെയോ ആരോപണത്തിന്റെയോ പേരില്‍ കേസെടുക്കാനാകില്ല. രഞ്ജിത്തിനെ ചുമതലകളില്‍ നിന്ന് മാറ്റുന്നതില്‍ തീരുമാനമെടുക്കേണ്ടത് സി.പി.എം. ആണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

‘രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ടത് മാധ്യമങ്ങളിലൂടെ ഞാനും കണ്ടു. അതില്‍ രഞ്ജിത്ത് മറുപടി പറഞ്ഞിട്ടുമുണ്ട്. ആ മറുപടിയും അവരുടെ ആക്ഷേപവുമാണ് നമ്മുടെ മുന്നിലുള്ളത്. അത് സംബന്ധിച്ച് അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ വരട്ടെ. അവര്‍ വന്നുകഴിഞ്ഞാല്‍ അത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ നിയമാനുസൃതം സര്‍ക്കാര്‍ സ്വീകരിക്കും’ സജി ചെറിയാന്‍ വ്യക്തമാക്കി.

‘ഏതെങ്കിലുമൊരാള്‍ ആരെപ്പറ്റിയെങ്കിലും ഒരു ആക്ഷേപം ഉന്നയിച്ചാല്‍ കേസെടുക്കാന്‍ പറ്റുമോ? അങ്ങനെയെടുത്ത ഏതെങ്കിലും കേസ് കേരളത്തില്‍ നിലനിന്നിട്ടുണ്ടോ? ആരോപണം ഉന്നയിച്ചവര്‍ പരാതി തരിക. ആര്‍ക്കെങ്കിലും രഞ്ജിത്തിനെതിരെ പരാതി ഉണ്ടെങ്കില്‍ രേഖാമൂലം നല്‍കിയാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിലെന്തെങ്കിലും വസ്തുത ഉണ്ടെന്ന് അന്വേഷിക്കാതെ എനിക്ക് പറയാനാകുമോ. അത് അദ്ദേഹം പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്.’ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കേസെടുക്കാനാകില്ല എന്ന് വ്യക്തമാക്കിയതാണ്. പരാതി കിട്ടിയാല്‍ എത്ര ഉന്നതനാണെങ്കിലും വിട്ടു വീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം തന്നെ വ്യക്തമാക്കിയതുമാണ്.

‘രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതല വഹിക്കുന്നത് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിട്ടാണ്. പാര്‍ട്ടിയാണ് അദ്ദേഹത്തെ മാറ്റിനിര്‍ത്തണമോയെന്ന കാര്യം ആലോചിക്കേണ്ടത്. ആരോപണത്തില്‍ എന്തെങ്കിലും വസ്തുത ഉണ്ടെങ്കില്‍ സി.പി.എം. പരിശോധിക്കാതിരിക്കില്ലല്ലോ. ആ കാര്യത്തില്‍ രാഷ്ട്രീയമായ തീരുമാനം അപ്പോള്‍ ഉണ്ടാകും’ സജി ചെറിയാന്‍ പറഞ്ഞു.

മന്ത്രിയെന്ന നിലയില്‍ താന്‍ രഞ്ജിത്തിനോട് സംസാരിച്ചോ ഇല്ലയോ എന്നത് മാധ്യമ പ്രവര്‍ത്തകരോട് പറയേണ്ട ആവശ്യമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. ഇരയൊടൊപ്പമാണ്, വേട്ടക്കാര്‍ക്കൊപ്പമല്ല സര്‍ക്കാര്‍ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks