തിരുവനന്തപുരം: നടന്‍ ഇന്ദ്രന്‍സിന് 68ാം വയസ്സില്‍ പരീക്ഷ! സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ഏഴാം തരം തുല്യതാ പരീക്ഷയ്ക്കാണ് അദ്ദേഹം എത്തിയത്. തിരുവനന്തപുരം അട്ടക്കുളങ്ങര സ്‌കൂളാണ് പരീക്ഷാകേന്ദ്രം.
നാലാം ക്ലാസാണ് ഇന്ദ്രന്‍സിന്റെ വിദ്യാഭ്യാസ യോഗ്യത. കുട്ടിക്കാലത്ത് കുടുംബ പ്രാരബ്ധങ്ങള്‍ മൂലം നാലാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച അദ്ദേഹം പിന്നീട് തയ്യല്‍കടയില്‍ ജോലി തുടങ്ങുകയായിരുന്നു. തുടര്‍ന്ന് സിനിമയിലെത്തി. വസ്ത്രാലങ്കാര രംഗത്തും പിന്നീട് അഭിനയത്തിലും പേരെടുക്കുമ്പോഴും പാതിവഴിയില്‍ മുടങ്ങിയ പഠനം തിരിച്ചുപിടിക്കണമെന്ന മോഹം മനസ്സില്‍ സൂക്ഷിച്ചു. ഇതോടെയാണ് തുല്യതാ പരീക്ഷയിലേക്ക് നീങ്ങിയത്.
പരീക്ഷയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഭയമുണ്ടെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളുടെ പരീക്ഷയാണ് നടന്നത്. ഞായറാഴ്ച സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളില്‍ പരീക്ഷകള്‍ നടക്കും. രണ്ടാഴ്ചയ്ക്ക് ശേഷമെത്തുന്ന പരീക്ഷാഫലം അനുകൂലമായാല്‍ ഇന്ദ്രന്‍സിന് ഇനി പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതാം.
സംസ്ഥാനത്ത് 3,161 പേരാണ് ഏഴാം തരം തുല്യതാ പരീക്ഷയെഴുതിയത്.