28 C
Trivandrum

രഞ്ജിത്തിനെതിരെ ആരോപണവുമായി ബംഗാളി നടി

കൊല്‍ക്കത്ത: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ആരോപണങ്ങളുമായി ബംഗാളി നടി ശ്രീലേഖ മിത്ര. ‘പാലേരി മാണിക്യം’ എന്ന സിനിമയില്‍ അഭിനയിക്കാനായി എത്തിയപ്പോള്‍ സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി വെളിപ്പെടുത്തിയത്. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്ന് നടി ആരോപിച്ചു.

‘അകലെ എന്ന ചിത്രത്തിലെ അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായി ഒരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. അവിടെ എത്തിയപ്പോള്‍ ഒട്ടേറെ ആളുകളുണ്ടായിരുന്നു. ഇവിടെ വെച്ച് തന്റെ റൂമിലേക്ക് വരാന്‍ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്നാണ് കരുതിയത്. റൂമിലെത്തിയപ്പോള്‍ രഞ്ജിത് എന്റെ കൈകളില്‍ പിടിച്ച് വളകളിളക്കി. ഞാന്‍ കൈ വലിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ല എന്നു കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ കൈ പതുക്കെ എന്റെ തലമുടിയിലേക്കും പിന്നാലെ കഴുത്തിലേക്കും നീണ്ടു. പെട്ടെന്ന് ഞാന്‍ ആ മുറിയില്‍ നിന്നിറങ്ങി. ഭയന്നുവിറച്ചാണ് അവിടെ നിന്നു പോയത്. എനിക്കറിയാത്ത ആളുകളും സ്ഥലവുമായിരുന്നു അത്. ആരെങ്കിലും എന്റെ മുറിയിലേക്ക് രാത്രി കടന്നുവരുമോയെന്ന ഭയമുണ്ടായിരുന്നു. നിയമപരമായി മുന്നോട്ട് പോയിട്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് കരുതുന്നില്ല, അതുകൊണ്ട് പോയില്ല’ -അവര്‍ പറഞ്ഞു.

സംവിധായകന്‍ ജോഷി ജോസഫിനോട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. തന്നോടുള്ള മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്നും താരം പറഞ്ഞു. തിരികെ നാട്ടിലേക്കു പോകാനുള്ള പൈസ പോലും സിനിമയുടെ പിന്നണിക്കാര്‍ തന്നില്ലെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.

ആരോപണം ശരിവെച്ച് ജോഷി ജോസഫ്

രഞ്ജിത്തിനെതിരെ ശ്രീലേഖ മിത്ര ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവെച്ച് സംവിധായകന്‍ ജോഷി ജോസഫ്. സംഭവത്തെക്കുറിച്ച് നടി തന്നോട് അന്നേ പറഞ്ഞിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
‘ഞാന്‍ വര്‍ഷങ്ങളായി കൊല്‍ക്കത്തയിലാണ്. അങ്ങനെയാണ് ശ്രീലേഖ മിത്രയെ രഞ്ജിത്തിന്റെ സിനിമയിലേക്കു നിര്‍ദ്ദേശിക്കുന്നത്. അന്ന് ഞാന്‍ കൊച്ചിയില്‍ ഉള്ള സമയത്ത് അവര്‍ എന്നെ വിളിച്ചു. താന്‍ കൊച്ചിയിലുണ്ടെന്നും എത്രയും പെട്ടെന്ന് വരാമോയെന്നും ചോദിച്ചു. ഞാന്‍ ഓട്ടോ പിടിച്ച് ഹോട്ടലിലെത്തുകയും അവരെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു. എന്റെ അമ്മച്ചി അവിടുണ്ടെങ്കിലും ഞാന്‍ കാര്യം പറഞ്ഞില്ല.’ -ജോഷി ജോസഫ് പറഞ്ഞു.

കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യമായിരിക്കാം പഴയ കാര്യങ്ങള്‍ തുറന്നു പറയാന്‍ ശ്രീലേഖയ്ക്ക് കരുത്തു പകര്‍ന്നിട്ടുണ്ടാവുക എന്ന് അദ്ദേഹം വിലയിരുത്തി.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks