തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എ.എം.എം.എ. വൈസ് പ്രസിഡന്റ് ജഗദീഷ് ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത് ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞ് നിസ്സാരവത്കരിക്കാനുള്ള എ.എം.എം.എ. ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ നിലപാടിനു നേര്‍ വിപരീതമാണ് ജഗദീഷിന്റെ വാക്കുകള്‍.
ഹേമ കമ്മിറ്റി അന്വേഷണത്തില്‍ നിന്ന് എ.എം.എം.എയ്‌ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ഒഴിഞ്ഞുമാറാനാകില്ലെന്ന് ജഗദീഷ് ചൂണ്ടിക്കാട്ടി. വേട്ടക്കാരുടെ പേര് എന്തിന് റിപ്പോര്‍ട്ടില്‍ നിന്നും ഒഴിവാക്കിയെന്നും അദ്ദേഹം ചോദിച്ചു.
‘വാതില്‍ മുട്ടി എന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എവിടെ വാതില്‍ മുട്ടി എന്ന മറുചോദ്യത്തിന്റെ ആവശ്യമില്ല. ആര്‍ട്ടിസ്റ്റ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് അന്വേഷിക്കണം. കുട്ടിയുടെ പരാതി പരിഹരിക്കണം. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞത് ഒഴിഞ്ഞുമാറുന്നത് ശരിയല്ല. ഒരു സംഭവമാണെങ്കില്‍ പോലും അതിനെതിരെ നടപടി വേണം. കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണം.
മറ്റ് തൊഴിലിടങ്ങളില്‍ ഇങ്ങനെ നടന്നിട്ടില്ലേ എന്ന ചോദ്യം അപ്രസക്തമാണ്. അത്തരത്തിലൊരു ചോദ്യം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. നഷ്ടപ്പെട്ടു എന്ന് പറയുന്ന അഞ്ചു പേജുകള്‍ എങ്ങനെ ഒഴിവായി എന്നതിന് സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടി വരും. സിനിമയ്ക്കുള്ളില്‍ പുഴുക്കുത്തുകള്‍ ഉണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരണം. അതിന്റെ ഉത്തരവാദിത്വം എ.എം.എം.എ. ഏറ്റെടുക്കണമെന്നാണ് അഭിപ്രായം.
ഇരയുടെ പേര് പുറത്തുവിടേണ്ടതില്ല. എന്നാല്‍ അക്രമിയുടെ പേര് പുറത്ത് വരണം. ഹൈക്കോടതിയാണ് ഇക്കാര്യങ്ങളില്‍ നടപടിയെടുക്കേണ്ടത്. കോടതി പറയുന്ന ആള്‍ക്കെതിരെ നടപടിയെടുക്കാന്‍ എ.എം.എം.എ. തയ്യറാകും. ഡബ്ല്യു.സി.സി. അംഗങ്ങള്‍ ശത്രുക്കളല്ല. അവര്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ ന്യായമായ കാര്യങ്ങളാണ്.
സിനിമയില്‍ മാഫിയ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. വനിതകള്‍ ദുരനുഭവങ്ങള്‍ ഉണ്ടായതായി പറയുമ്പോള്‍ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്ന് ചോദിക്കാന്‍ ഞാനാളല്ല. വിജയിച്ചുവന്ന നടീ നടന്മാര്‍ വഴിവിട്ട ബന്ധത്തിലൂടെയാണ് മുന്നേറിയതെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു.