ന്യൂഡല്‍ഹി: അംഗത്വകാലത്തിന്റെ ഭാഗമായി പാര്‍ട്ടിയിലേക്ക് 10 കോടി പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ ബി.ജെ.പി. നടപടികള്‍ തുടങ്ങി. സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന അംഗത്വകാലത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പുതിയ അംഗങ്ങളെ പാര്‍ട്ടിയിലേക്ക് ചേര്‍ക്കാനാണ് തീരുമാനം.
ശനിയാഴ്ച നടന്ന പാര്‍ട്ടി ദേശീയ-സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് അംഗത്വ വിപുലീകരണത്തിന് നടപടികള്‍ നിശ്ചയിച്ചത്. ബി.ജെ.പി. അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി.നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
പുതിയ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായാണ് പുതിയ അംഗങ്ങളെ പാര്‍ട്ടിയിലേക്ക് ചേര്‍ക്കുക. നഡ്ഡയുടെ കാലാവധി നേരത്തേ അവസാനിച്ചിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി അദ്ദേഹത്തോട് തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും പുതിയ അംഗങ്ങളെ പാര്‍ട്ടിയിലേക്ക് ചേര്‍ക്കേണ്ടതില്ലെന്നു തീരുമാനിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ നവംബര്‍ 10 വരെ ആയിരിക്കും അംഗത്വകാലം. മിസ് കോള്‍, പാര്‍ട്ടി വെബ്‌സൈറ്റ്, മറ്റു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി പാര്‍ട്ടിയില്‍ അഗത്വമെടുക്കാന്‍ സാധിക്കുമെന്ന് വക്താവ് സാംബിത് പാത്ര പറഞ്ഞു.