31 C
Trivandrum

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ഒമ്പതു പുരസ്‌കാരങ്ങളുമായി ആടുജീവിതം തിളങ്ങി

തിരുവനന്തപുരം: 2023ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഒമ്പതു പുരസ്‌കാരങ്ങളുമായി തിളങ്ങി. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആടുജീവിതത്തിലൂടെ പൃഥ്വിരാജിന്. മികച്ച നടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലെ വേഷത്തിന് ഉര്‍വശിയും തടവിലെ അഭിനയത്തിന് ബീന ആര്‍.ചന്ദ്രനും പങ്കിട്ടു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് വെള്ളിയാഴ്ച പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോര്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. രോഹിത് എം.ജി.കൃഷ്ണന്‍ സംവിധാനം ചെയ്ത ഇരട്ടയാണ് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച ജനപ്രിയ ചിത്രമായ ആടുജീവിതത്തിലൂടെ ബ്ലെസി മികച്ച സംവിധായകനായി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ആടുജീവിതത്തിലൂടെ ബ്ലെസിക്ക് ലഭിച്ചു.

പൂക്കാലത്തിലെ പ്രകടനത്തിന് വിജയരാഘവന്‍ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം നേടി. ശ്രീഷ്മ ചന്ദ്രനാണ് മികച്ച സ്വഭാവനടി. തടവ് സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. തെന്നല്‍ അഭിലാഷും അവ്യുക്ത് മേനോനും പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ മികച്ച ബാലതാരങ്ങളായി. ആടുജീവിതത്തിലെ പ്രകടനത്തിന് കെ.ആര്‍.ഗോകുലിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. കാതലിലെ അഭിനയത്തിന് കോഴിക്കോട് സുധിക്കും ജൈവത്തിലൂടെ കൃഷ്ണനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമര്‍ശമുണ്ട്.

ഗാനങ്ങള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസും (ചാവേര്‍) പശ്ചാത്തലത്തിന് മാത്യൂസ് പുളിക്കനും (കാതല്‍ ദ കോര്‍) മികച്ച സംഗീതസംവിധായകരായി. സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററാണ് മികച്ച ഗായകന്‍ (ജനനം 1947 പ്രണയം തുടരുന്നു. ആന്‍ ആമി മികച്ച ഗായികയായി (പാച്ചുവും അത്ഭുതവിളക്കും). മികച്ച ഗാന രചയിതാവ് ഹരീഷ് മോഹനനാണ്.

കടുത്ത മത്സരമാണ് ഇക്കുറി മികച്ച നടനുള്ള പുരസ്‌കാരത്തിന്. കാതലിലെ പ്രകടനത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പ്രിത്വിരാജും അവസാന റൗണ്ടില്‍ എത്തിയിരുന്നു. മികച്ച നടിക്കുള്ള പുരസ്‌കാരത്തിലും കനത്ത മത്സരമാണ് നടന്നത്. ഉള്ളൊഴുക്കിലെ ലീലാമ്മയായി വേഷമിട്ട ഉര്‍വശിയും അഞ്ജുവായെത്തിയ പാര്‍വതി തിരുവോത്തും കാതലിലെ ഓമനയെ അവതരിപ്പിച്ച ജ്യോതികയും മികച്ച നടിക്കുള്ള പുരസ്‌കാര പട്ടികയില്‍ ഉണ്ടായിരുന്നു. മോഹന്‍ലാല്‍ -ജിത്തു ജോസഫ് ചിത്രം നേരിലെ പ്രകടനത്തില്‍ അനശ്വര രാജനും പരിഗണനയില്‍ ഉണ്ടായിരുന്നു.

സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി അധ്യക്ഷന്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍ നടിയും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ആന്‍ അഗസ്റ്റിന്‍, സംഗീത സംവിധായകന്‍ ശ്രീവല്‍സന്‍ ജെ.മേനോന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു. സംവിധായകന്‍ പ്രിയാനന്ദനനും ഛായാഗ്രാഹകന്‍ അഴകപ്പനും പ്രാഥമിക ജൂറി അധ്യക്ഷന്‍മാരായി.

സംസ്ഥാന അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത് 160 സിനിമകളാണ്. പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 സിനിമകള്‍ വീതം കണ്ട ശേഷം 35 സിനിമകള്‍ ഷോര്‍ട് ലിസ്റ്റ് ചെയ്തു. കുട്ടികളുടെ സിനിമകളില്‍ മൂന്നെണ്ണം പരിഗണിക്കപ്പെട്ടു. അങ്ങനെ 38 സിനിമകള്‍ അവസാനറൗണ്ടില്‍ എത്തി. ഇതില്‍ 22 സിനിമകളും നവാഗത സംവിധായകരുടെ സിനിമകളാണ്.

പുരസ്‌കാരങ്ങള്‍ ഒറ്റനോട്ടത്തില്‍

    • മികച്ച ചലച്ചിത്ര ഗ്രന്ഥം: മഴവില്‍ കണ്ണിലൂടെ മലയാള സിനിമ -കിഷോര്‍കുമാര്‍
    • മികച്ച ചലച്ചിത്ര ലേഖനം: ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍ -ഡോ.എം.ആര്‍.രാജേഷ്
    • പ്രത്യേക പരാമര്‍ശം: കെ.ആര്‍.ഗോകുല്‍ (ആടുജീവിതം)
    • പ്രത്യേക പരാമര്‍ശം: കൃഷ്ണന്‍ (ജൈവം)
    • പ്രത്യേക പരാമര്‍ശം: സുധി കോഴിക്കോട് (കാതല്‍ ദ കോര്‍)
    • സ്ത്രീ / ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ്: ശാലിനി ഉഷാദേവി (എന്നെന്നും)
    • മികച്ച വിഷ്വല്‍ എഫക്ട്‌സ്: ആന്‍ഡൂ ഡിക്രൂസ്, വിശാഖ് ബാബു (2018)
    • മികച്ച കുട്ടികളുടെ ചിത്രത്തിന് അവാര്‍ഡില്ല
    • മികച്ച നവാഗത സംവിധായകന്‍: ഫാസില്‍ റസാക്ക് (തടവ്)
    • ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രം: ആടുജീവിതം
    • മികച്ച നൃത്തസംവിധാനം: ജിഷ്ണു (സുലൈഖ മന്‍സില്‍)
    • മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍): റോഷന്‍ മാത്യു (ഉള്ളൊഴുക്ക്, വാലാട്ടി)
    • മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍): സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)
    • മികച്ച വസ്ത്രാലങ്കാരം: ഫെമിന ജബ്ബാര്‍ (ഓ ബേബി)
    • മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്: രഞ്ജിത്ത് അമ്പാടി (ആടുജീവിതം)
    • മികച്ച ശബ്ദരൂപകല്പന: ജയദേവന്‍ ചക്കാടത്ത്, അനില്‍ ദേവന്‍ (ഉള്ളൊഴുക്ക്)
    • മികച്ച ശബ്ദമിശ്രണം: റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ (ആടുജീവിതം)
    • മികച്ച സിങ്ക് സൗണ്ട്: ഷമീര്‍ അഹമ്മദ് (ഓ ബേബി)
    • മികച്ച ചിത്രസംയോജകന്‍: സംഗീത് പ്രതാപ് (ലിറ്റില്‍ മിസ് റാവുത്തര്‍)
    • മികച്ച കലാസംവിധായകന്‍: മോഹന്‍ ദാസ് (2018)
    • മികച്ച പിന്നണി ഗായകന്‍: വിദ്യാധരന്‍ മാസ്റ്റര്‍ (ജനനം 1947 പ്രണയം തുടരുന്നു)
    • മികച്ച പിന്നണി ഗായിക: ആന്‍ ആമി (പാച്ചുവും അത്ഭുതവിളക്കും)
    • മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍: മാത്യൂസ് പുളിക്കല്‍ (കാതല്‍ ദ കോര്‍)
    • മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍): ജസ്റ്റിന്‍ വര്‍ഗീസ് (ചാവേര്‍)
    • മികച്ച ഗാനരചയിതാവ്: ഹരീഷ് മോഹനന്‍ (ചാവേര്‍)
    • മികച്ച അവലംബിത തിരക്കഥ: ബ്ലെസി (ആടുജീവിതം)
    • മികച്ച തിരക്കഥാകൃത്ത്: രോഹിത് എം.ജി.കൃഷ്ണന്‍ (ഇരട്ട)
    • മികച്ച ഛായാഗ്രാഹകന്‍-സുനില്‍ കെ.എസ്. (ആടുജീവിതം)മികച്ച കഥാകൃത്ത് – ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ (കാതല്‍ ദ കോര്‍)
    • മികച്ച ബാലതാരം (പെണ്‍): തെന്നല്‍ അഭിലാഷ് (ശേഷം മൈക്കിള്‍ ഫാത്തിമ)
    • മികച്ച ബാലതാരം (ആണ്‍): അവ്യുക്ത് മേനോന്‍ (പാച്ചുവും അത്ഭുതവിളക്കും)
    • മികച്ച സ്വഭാവനടി: ശ്രീഷ്മ ചന്ദ്രന്‍ (പൊമ്പളൈ ഒരുമൈ)
    • മികച്ച സ്വഭാവനടന്‍: വിജയരാഘവന്‍ (പൂക്കാലം)
    • മികച്ച നടി: ഉര്‍വശി (ഉള്ളൊഴുക്ക്), ബീന ആര്‍.ചന്ദ്രന്‍ (തടവ്)
    • മികച്ച നടന്‍: പൃഥ്വിരാജ് സുകുമാരന്‍ (ആടുജീവിതം)
    • മികച്ച സംവിധായകന്‍: ബ്ലെസി (ആടുജീവിതം)
    • മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട
    • മികച്ച ചിത്രം: കാതല്‍ ദ കോര്‍

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks