28 C
Trivandrum

തുംഗഭദ്ര അണക്കെട്ടില്‍ ഗേറ്റ് പുനഃസ്ഥാപിക്കാന്‍ തുടങ്ങി

    • ഗേറ്റിന് 40 ടണ്‍ ഭാരം

    • നാലു ഭാഗങ്ങളാക്കി സ്ഥാപിക്കും

ബംഗളൂരു: തുംഗഭദ്ര അണക്കെട്ടിന്റെ തകര്‍ന്ന ഗേറ്റ് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്കു തുടക്കമായി.. വിദഗ്ധ സാങ്കേതികസംഘം അണക്കെട്ടിലെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു. 40 ടണ്‍ ഭാരമുള്ള ഗേറ്റ് നാലു ഭാഗങ്ങളാക്കിയാണ് സ്ഥാപിക്കുന്നത്.

ഹൊസ്പേട്ട് മേഖലയിലെ വ്യത്യസ്ത സ്റ്റീല്‍ യൂണിറ്റുകളാണ് ഗേറ്റിന്റെ നാലു ഭാഗങ്ങള്‍ നിര്‍മിക്കുന്നത്. ഒഴുക്കുള്ള വെള്ളത്തില്‍ ഗേറ്റ് സ്ഥാപിക്കാന്‍ ഉയര്‍ന്നശേഷിയുള്ള ക്രെയിനിന്റെ സഹായം ജെ.എസ്.ഡബ്‌ള്യു. വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒറ്റയടിക്ക് ഗേറ്റ് സ്ഥാപിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് നാലുഭാഗങ്ങളായി സ്ഥാപിക്കുന്നത്.

പുതിയ ഗേറ്റിന്റെ ഭാഗങ്ങള്‍ അണക്കെട്ടിനു സമീപത്തെത്തിച്ചിട്ടുണ്ട്. അണക്കെട്ടില്‍നിന്ന് കൂടുതല്‍ ജലം ഒഴുക്കിവിട്ട് ജലനിരപ്പ് താഴ്ത്തിയശേഷമാകും ഗേറ്റ് സ്ഥാപിക്കുക. ശനിയാഴ്ചയോടെ ഗേറ്റ് സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഗേറ്റ് തകര്‍ന്നതിനെത്തുടര്‍ന്ന് കര്‍ണാടകത്തില്‍ ജലവിഭവ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

ഗേറ്റ് തകര്‍ന്നതിനെത്തുടര്‍ന്ന് അപകടാവസ്ഥയിലായ തുംഗഭദ്ര അണക്കെട്ട് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ സന്ദര്‍ശിച്ചപ്പോള്‍

ഓഗസ്റ്റ് 11 രാത്രിയാണ് 70 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ 19-ാമത്തെ ഗേറ്റ് തകര്‍ന്നത്. ഇതേത്തുടര്‍ന്ന് അണക്കെട്ടിന്റെ സമ്മര്‍ദം കുറയ്ക്കാന്‍ ബാക്കിയുള്ള 32 ഗേറ്റുകളും തുറന്നു. അണക്കെട്ടിലെ 16 ഗേറ്റുകള്‍ പരിപാലിക്കുന്നത് കേന്ദ്ര ജല കമ്മീഷനാണ്. ബാക്കിയുള്ളവയുടെ പരിപാലനച്ചുമതല മാത്രമാണ് കര്‍ണാടകത്തിനുള്ളത്.

ഗേറ്റ് തകര്‍ന്ന് വെള്ളം ഒഴുക്കിവിടേണ്ടി വന്നത് കൃഷിക്കായി അണക്കെട്ടിനെ ആശ്രയിക്കുന്ന കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഗേറ്റ് തകര്‍ന്ന ദിവസം അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകിയത് 98,000 ക്യുസെക്‌സ് വെള്ളമാണ്. ഇതില്‍ 35,000 ക്യുസെക്‌സും ഒഴുകിയത് തകര്‍ന്ന 19-ാം ഗേറ്റ് വഴിയാണ്.

തുംഗഭദ്ര അണക്കെട്ടിന് 150 ടി.എം.സി. വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. ഗേറ്റ് സ്ഥാപിക്കുന്നതിനായി വെള്ളത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ 60 ടി.എം.സി. വെള്ളം ഒഴുക്കിവിടേണ്ടി വരും. ഇതാണ് കൃഷിക്കുള്ള ജലലഭ്യത കുറയുമെന്ന ആശങ്കയ്ക്കു കാരണം.

കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് തുംഗഭദ്ര അണക്കെട്ടിനെ പ്രധാനമായും ആശ്രയിക്കുന്നത്. ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും വെള്ളം ലഭ്യമാക്കുന്നതിനായി പ്രതിവര്‍ഷം 115 ടി.എം.സി. വെള്ളം ആവശ്യമാണ്. ഇതില്‍ 25 ടി.എം.സി. മാത്രമാണ് ഇതുവരെ നല്കയിട്ടുള്ളത്. ഇനി 90 ടി.എം.സി. വെള്ളം കൂടി നല്കാനുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ ഇതു പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഈ പ്രതിസന്ധി മൂന്നു സംസ്ഥാനങ്ങളും സംയുക്തമായി കൂടിയാലോചിച്ചു മറികടക്കുമെന്ന് ശിവകുമാര്‍ പറഞ്ഞു. നിലവില്‍ പ്രതിദിനം 28,000 ക്യുസെക്‌സ് വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks