28 C
Trivandrum

ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 160 കോടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബുധനാഴ്ച വൈകിട്ട് 6.15 വരെ 160,79,17,342 രൂപ ലഭിച്ചു. അതേസമയം ദുരിതാശ്വാസ നിധിയില്‍നിന്ന് ഓഗസ്റ്റ് ഏഴു മുതല്‍ 13 വരെ 1,41,14,000 രൂപ വിതരണം ചെയ്തു.

ദുരിതാശ്വാസ നിധിയിലേക്ക് ബുധനാഴ്ച കേരള നേഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സില്‍ അഞ്ചുകോടി രൂപ നല്‍കി. കോട്ടയം, കണ്ണൂര്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകള്‍ ഒരു കോടി രൂപ വീതം നല്‍കി. കേരളാ മാരിടൈം ബോര്‍ഡ് ഒരു കോടി രൂപയും ചെയര്‍മാന്‍ എന്‍.എസ്.പിള്ള ഒരു മാസത്തെ ശമ്പളത്തുകയായ 1.52 ലക്ഷം രൂപയും നല്‍കി. കാസറഗോഡ് പ്രസ് ക്ലബ് -2,30,000 രൂപയും ആറ്റിങ്ങല്‍ മുന്‍ എം.എല്‍.എ. ബി.സത്യന്‍ രണ്ടു മാസത്തെ പെന്‍ഷന്‍ തുകയായ 50,000 രൂപയും നല്‍കി.

മലപ്പുറം പെരിന്തല്‍മണ്ണയിലെ പത്തുവയസ്സുകാരി സിയാ സഹ്‌റ രക്ഷിതാക്കളായ മുഹമ്മദ് നിസാര്‍, ജസീല എന്നിവര്‍ക്കൊപ്പമെത്തി സ്വര്‍ണ പാദസരം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന സിയാ സഹ്റയ്ക്ക് ആര്‍.സി.സിയില്‍ നിന്ന് ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ ലഭിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് മരുന്ന് ലഭ്യമാകാത്ത സാഹചര്യത്തില്‍ അതു സര്‍ക്കാര്‍ ഇടപെട്ട് നല്‍കിയ വിവരം രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു. മലപ്പുറം തിരൂരിലെ വെട്ടം എ.എച്ച്.എം. എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കാരുണ്യക്കുടുക്കയിലൂടെ സമാഹരിച്ച 75,000 രൂപയും കൈമാറി.

തിരുവനന്തപുരത്ത് 11 പേര്‍ക്കായി 3,48,000, കൊല്ലത്ത് 35 പേര്‍ക്ക് 6,79,000, പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്കായി 1,55,000, ആലപ്പുഴയില്‍ 32 പേര്‍ക്ക് 11,30,000, കോട്ടയത്ത് 16 പേര്‍ക്ക് 9,50,000, ഇടുക്കിയില്‍ 13 പേര്‍ക്ക് 5,04,000, എറണാകുളത്ത് രണ്ടുപേര്‍ക്ക് 3,50,000, തൃശ്ശൂരില്‍ 146 പേര്‍ക്ക് 49,44,000, പാലക്കാട് 16 പേര്‍ക്ക് 12,85,000, മലപ്പുറത്ത് 29 പേര്‍ക്ക് 14,62,000, കോഴിക്കോട് 35 പേര്‍ക്ക് 12,20,000, വയനാട്ടില്‍ മൂന്നുപേര്‍ക്ക് 85,000, കണ്ണൂരില്‍ 17 പേര്‍ക്ക് 7,50,000, കാസറഗോഡ്് 14 പേര്‍ക്ക് 2,52,000 രൂപ എന്നിങ്ങനെയാണ് ദുരിതാശ്വാസ നിധിയില്‍ നിന്നു വിതരണം ചെയ്തത്.

കൊല്ലം ചവറ പൊലീസ് സ്റ്റേഷനില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഹോം ഗാര്‍ഡായി ജോലി നോക്കിയിരുന്ന ചന്ദ്രദാസിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഒറ്റത്തവണയായി ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന് ഒരു വര്‍ഷത്തെ വേതനമായ രണ്ടര ലക്ഷം രൂപയാണ് ധനസഹായമായി നല്‍കുക.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks