കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ കേസന്വേഷണം സി.ബി.ഐയ്ക്കു വിടാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവായി ആശുപത്രി അധികൃതരുടെ നടപടികളില്‍ ഗുരുതര വീഴ്ചകളുണ്ടായിട്ടുണ്ടെന്നും കോടതി കുറ്റപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം ഉടന്‍ സി.ബി.ഐയ്ക്ക് കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചു. കേസന്വേഷണം സി.ബ.ിഐയ്ക്ക് വിടണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരടക്കം ആവശ്യപ്പെട്ടിരുന്നു.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോ?ഗതി ഉണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം നീണ്ടുപോയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്ക പരിഗണിക്കപ്പെടേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായിരുന്ന ഡോ.സന്ദീപ് ഘോഷ് സംഭവശേഷം രാജി വച്ചിരുന്നു. എന്നാല്‍ രാജിവച്ച സന്ദീപ് ഘോഷിനെ മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും നിയമിച്ചു. ഇതിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ചൊവ്വാഴ്ച വൈകുനേരത്തിനുള്ളില്‍ പ്രിന്‍സിപ്പലിനെ പുറത്താക്കുകയോ അല്ലെങ്കില്‍ അവധി നല്‍കുകയോ വേണമെന്നും ഉത്തരവിട്ടു.