28 C
Trivandrum

സെബിക്കെതിരെ ഗുരുതര ആരോപണവുമായി ഹിന്‍ഡന്‍ബര്‍ഗ്

    • സെബി മേധാവിക്കും ഭര്‍ത്താവിനും അദാനിയുടെ നിഴല്‍ കമ്പനികളില്‍ നിക്ഷേപം

    • അദാനിക്ക് സെബി ക്ലീന്‍ ചിറ്റ് നല്കിയത് അഴിമതി ബന്ധം കാരണമെന്നും റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയുടെ മേല്‍നോട്ടക്കാരായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ -സെബിയുടെ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗ്. സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവല്‍ ബുച്ചിനും അദാനി ഗ്രൂപ്പിന്റെ നിഴല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍. അദാനിയുടെ കടലാസ് കമ്പനികളില്‍ സെബി ചെയര്‍പേഴ്സണ്‍ നിക്ഷേപം നടത്തിയതിന്റെ രേഖകളും പുറത്തുവിട്ടു. സെബിയുടെ തലപ്പത്ത് എത്തുന്ന ആദ്യ വനിതയും പ്രായംകുറഞ്ഞ വ്യക്തിയുമാണ് മാധബി പുരി ബുച്ച്.

അദാനി ഗ്രൂപ്പ് ഓഹരിമൂല്യം പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിച്ചെന്ന് ഒന്നര വര്‍ഷം മുമ്പ് ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തിയത് വന്‍ കോളിളക്കമുണ്ടാക്കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇക്കാര്യം അന്വേഷിച്ച സെബി അദാനി ഗ്രൂപ്പിന് ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. അദാനിക്കെതിരായ ആരോപണത്തില്‍ ഹിന്‍ഡന്‍ബര്‍ഗിന് 2024 ജൂലൈയില്‍ സെബി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സെബി മേധാവിക്കും ഭര്‍ത്താവിനുമെതിരെ ഗുരുതരമായ ആരോപണം ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടിരിക്കുന്നത്.

ധവല്‍ ബുച്ച്

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ മൂത്തസഹോദരന്‍ വിനോദ് അദാനിക്ക് ബന്ധമുള്ള ബര്‍മുഡയിലെയും മൗറീഷ്യസിലെയും നിഴല്‍കമ്പനികളില്‍ മാധബി പുരിയ്ക്കും ഭര്‍ത്താവ് ധവല്‍ ബുച്ചിനും ദുരൂഹമായ പങ്കാളിത്തമുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സ്ഥാപനങ്ങളുമായി ബന്ധമുള്ള വ്യക്തി പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തല്‍. ‘ഇന്ത്യയ്‌ക്കെതിരെ വന്‍ വെളിപ്പെടുത്തല്‍ ഉടന്‍’ എന്ന ഒറ്റവരി ശനിയാഴ്ച രാവിലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സമൂഹമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഓഹരി നിക്ഷേപകരെ കബളിപ്പിച്ച അദാനി ഗ്രൂപ്പിനെതിരെ സെബി ഫലപ്രദമായ നടപടി സ്വീകരിക്കാത്തത് മാധബിയുടെ ഈ ബന്ധം കാരണമാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു. അദാനി ഗ്രൂപ്പിലേക്ക് വിദേശത്തുനിന്ന് പണമിറക്കാന്‍ വിനോദ് അദാനി മൗറീഷ്യസ് ആസ്ഥാനമായ ഐ.പി.ഇ. പ്ലസ് ഫണ്ട് എന്ന വെല്‍ത്ത് മാനേജ്മെന്റ് കമ്പനിയെയാണ് ആശ്രയിച്ചിരുന്നത്. 2015 ജൂണ്‍ മുതല്‍ മാധബി പുരിയ്ക്കും ഭര്‍ത്താവിനും ഐ.പി.ഇ. പ്ലസ് ഫണ്ടില്‍ രഹസ്യ നിക്ഷേപമുണ്ട്.

2023 ജനുവരിയിലാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനിക്കെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പിന്നാലെ അദാനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു. സുപ്രീംകോടതി നിര്‍ദേശപ്രകാരം അദാനി ഗ്രൂപ്പിനെതിരെ സെബി അന്വേഷണം നടത്തിയെങ്കിലും ക്ലീന്‍ ചിറ്റ് നല്‍കി. അദാനിക്കു വിദേശത്തുനിന്ന് പണമെത്തിയത് എങ്ങനെയെന്ന് കണ്ടെത്താന്‍ സെബി തുനിഞ്ഞില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ശരിയായ അന്വേഷണം നടത്തിയാല്‍ സെബി ചെയര്‍പേഴ്സണ്‍ തന്നെ വെട്ടിലാകുമെന്നും അതുകൊണ്ടാണ് അദാനിക്ക് ക്ലീന്‍ചിറ്റ് കിട്ടിയതെന്നും ഹിന്‍ഡന്‍ബര്‍ഗ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks