റിസര്‍വ് ബാങ്കിന്റെ കൈയില്‍ 5 ലക്ഷം കോടിയുടെ സ്വര്‍ണം
ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 67,491 കോടി ഡോളറില്‍ എത്തി. ഇത് സര്‍വ്വകാല റെക്കോഡാണ്. റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള കരുതല്‍ സ്വര്‍ണശേഖരം 6,009 കോടി ഡോളറിന്റേതായി. ഏകദേശം 5 ലക്ഷം കോടി രൂപയ്ക്ക് തുല്യമാണിത്.
വിദേശനാണ്യ ശേഖരത്തില്‍ മുന്‍വാരത്തെ അപേക്ഷിച്ച് 753 കോടി ഡോളറിന്റെ വര്‍ധനയാണ് ഓഗസ്റ്റ് രണ്ടിന് അവസാനിച്ച വാരത്തില്‍ രേഖപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ ജൂലൈ 18ന് സൃഷിച്ച 67,085 കോടി ഡോളറിന്റെ റെക്കോര്‍ഡ് മറികടന്നു. ഈ കാലയളവില്‍ വിദേശനാണ്യ ആസ്തി 516 കോടി ഡോളര്‍ വര്‍ധിച്ച് 59,203 കോടി ഡോളറില്‍ എത്തിയതാണ് നേട്ടമായത്.
ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ ജാപ്പനീസ് യെന്‍, ബ്രിട്ടീഷ് പൗണ്ട്, യൂറോ തുടങ്ങിയ നാണയങ്ങളുമുണ്ട്. ഇവയുടെ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസം വിദേശനാണ്യ ശേഖരത്തില്‍ പ്രതിഫലിക്കും.
2024 കലണ്ടര്‍ വര്‍ഷം ഇതുവരെ ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ 5,172 കോടി ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. നടപ്പു സാമ്പത്തിക വര്‍ഷം (2024-25) ഇതുവരെയുള്ള വര്‍ധന 2,934 കോടി ഡോളറിന്റേതാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ സ്വര്‍ണശേഖരം ഓഗസ്റ്റ് രണ്ടിന് സമാപിച്ച ആഴ്ചയില്‍ 240 കോടി ഡോളര്‍ ഉയര്‍ന്നു.