28 C
Trivandrum

സൈന്യം മടങ്ങി; ഇനി ജനകീയ തിരച്ചില്‍

    • വയനാട്ടില്‍ തുടരുക 36 സൈനികര്‍ മാത്രം

    • ഒരു മൃതദേഹവും ശരീരഭാഗവും കൂടി കണ്ടെത്തി

    • മരണസംഖ്യ 404, കാണാതായവര്‍ 131

മേപ്പാടി: ഉരുള്‍ദുരന്തത്തിന്റെ പത്താംദിനത്തിലെ തിരച്ചിലിലും മൃതദേഹം കണ്ടെത്തി. നിലമ്പൂര്‍ ഭാഗത്തായി ചാലിയാര്‍ പുഴയില്‍ നിന്നാണ് ഒരു മൃതദേഹം കൂടി കണ്ടെടുത്തത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 404 ആയി.

ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 226 ആണ്. നിലമ്പൂര്‍ ചാലിയാറില്‍ നിന്നും ഒരു ശരീരഭാഗവും വ്യാഴാഴ്ചയിലെ തിരച്ചലില്‍ ലഭിച്ചു. ഇതുവരെ കണ്ടെത്തിയ ശരീരഭാഗങ്ങളുടെ എണ്ണം 196 ആയി.

വ്യാഴാഴ്ച ഒരു മൃതദേഹവും ആറ് ശരീരഭാഗവും പുത്തുമലയില്‍ സംസ്‌ക്കരിച്ചു. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതല്‍ താഴേക്ക് മുണ്ടക്കൈയും ചൂരല്‍മലയും അടക്കമുള്ള മേപ്പാടി പഞ്ചായത്തിലെ ഭാഗങ്ങളിലും സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ പോത്തുകല്ല്, നിലമ്പൂര്‍ വരെ ചാലിയാറിലും തിരച്ചില്‍ നടത്തി.

മേപ്പാടി പുത്തുമലയില്‍ ശരീരഭാഗങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി കൊണ്ടുവരുന്നു

പത്തുനാള്‍ നീണ്ട രക്ഷാദൗത്യത്തിന് ശേഷം സേനയിലെ ഒരു വിഭാഗം വ്യാഴാഴ്ച മടങ്ങി. മടങ്ങിയ ഇന്ത്യന്‍ ആര്‍മി, നേവി, റിക്കോ റഡാര്‍ ടീം അംഗങ്ങളായ സൈനികര്‍ക്ക് സര്‍ക്കാരും ജില്ലാ ഭരണകൂടവും യാത്രയപ്പ് നല്‍കി. എം.ഇ.ജിയിലെ 23 പേരും ഡൗണ്‍സ്ട്രീം സെര്‍ച്ച് ടീമിലെ 13 പേരുമായി 36 സൈനികര്‍ രക്ഷാദൗത്യവുമായി ജില്ലയില്‍ തുടരും.

ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരെ ഉള്‍പ്പെടുത്തി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ വെള്ളിയാഴ്ച ജനകീയ തിരച്ചില്‍ നടത്തും. ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശങ്ങളെ ആറു മേഖലകളിലായി തിരിച്ചായിരിക്കും തിരച്ചില്‍. രാവിലെ തുടങ്ങി വൈകിട്ട് വരെ തെരച്ചില്‍ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം 11 മണിക്ക് അവസാനിപ്പിക്കും.

നിലവില്‍ ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയില്‍ 131 പേരാണുള്ളത്. ഇവരില്‍ കൂടുതല്‍ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. അതേസമയം, ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലെ 27 ക്വാര്‍ട്ടേഴ്സുകള്‍ ഉള്‍പ്പെടെ 91 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം വെള്ളിയാഴ്ച ജില്ലയിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks