മെഡല്‍ നേട്ടത്തോടെ പി.ആര്‍.ശ്രീജേഷിന് പടിയിറക്കം
സ്പെയിനെ വീഴ്ത്തിയത് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക്
പാരിസ്: ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ തകര്‍പ്പന്‍ ഗോളുകള്‍; ഗോള്‍വലയത്തില്‍ കാവല്‍ മാലാഖയായ് നിലകൊണ്ട പി.ആര്‍.ശ്രീജേഷിന്റെ സേവുകള്‍. ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്കലമണിഞ്ഞു. സ്പെയിനെ 2-1ന് തോല്‍പിച്ചാണ് ഇന്ത്യയുടെ വിജയക്കുതിപ്പ്.
പാരിസില്‍ ഇന്ത്യയുടെ നാലാം മെഡല്‍. ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഒളിമ്പിക് ചരിത്രത്തിലെ തുടര്‍ച്ചയായ രണ്ടാം വെങ്കലമാണിത്.
30, 33 മിനിറ്റുകളില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യയ്ക്കായി ഗോളടിച്ചത്. 18-ാം മിനിറ്റില്‍ പെനല്‍റ്റി സ്ട്രോക്കിലൂടെ മാര്‍ക് മിറാലസ് സ്പെയിനെ ആദ്യം മുന്നിലെത്തിച്ചു. അമിത് രോഹിന്‍ദാസിന്റെ സ്റ്റിക് ബ്ലോക്കിനെതിരെയായിരുന്നു നടപടി. മിറാലസിന്റെ ഷോട്ട് തടയാന്‍ ഇന്ത്യന്‍ ഗോളി പി.ആര്‍.ശ്രീജേഷിനും സാധിച്ചില്ല.
പെനല്‍റ്റി കോര്‍ണറില്‍നിന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ആദ്യ ഗോളെത്തിയത്. ആദ്യ പകുതി പിന്നിട്ടപ്പോള്‍ സ്‌കോര്‍ 1-1 എന്ന നിലയിലായിരുന്നു. 33-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ വീണ്ടും ലക്ഷ്യം കണ്ട ഹര്‍മന്‍പ്രീത് ഇന്ത്യയെ മുന്നിലെത്തിച്ചു. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ മലയാളിതാരം ശ്രീജേഷിന്റെ സേവുകള്‍ ഇന്ത്യയ്ക്കു രക്ഷയായി. ശ്രീജേഷിന്റെ കരിയറിലെ അവസാന മത്സരമായിരുന്നു ഒളിമ്പിക്‌സിലെ വെങ്കലപ്പോരാട്ടം.
![](https://southindiannews.in/wp-content/uploads/2024/08/sreejesh.jpg)
സെമിയില്‍ കരുത്തരായ ജര്‍മനിയോടു 2-3നു തോറ്റതോടെയാണ് ഇന്ത്യ 3-ാം സ്ഥാന മത്സരത്തിലേക്കെത്തിയത്. കഴിഞ്ഞ തവണ ടോക്കിയോയില്‍ ശ്രീജേഷ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം വെങ്കലം നേടിയിരുന്നു. 52 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ ഒളിമ്പിക്സില്‍ തുടര്‍ച്ചയായി രണ്ടു തവണ മെഡല്‍ നേടുന്നത്. ഈ ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന താരമാണ് ശ്രീജേഷ്.