കാഠ്മണ്ഡു: നേപ്പാളിലെ നുവകോട്ട് ജില്ലയിലെ ശിവപുരി മേഖലയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്. മരിച്ച നാലു പേര്‍ ചൈനീസ് പൗരന്‍മാരും ഒരാള്‍ ഹെലികോപ്റ്ററിന്റെ പൈലറ്റായ നേപ്പാള്‍ സ്വദേശിയുമാണെന്നാണ് റിപ്പോര്‍ട്ട്. എയര്‍ ഡൈനസ്റ്റി കമ്പനിയുടെ ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്നും സയാഫ്രുബെന്‍സിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.
ഉച്ചയ്ക്ക് 1:54ന് കാഠ്മണ്ഡുവില്‍ നിന്ന് യാത്രതിരിച്ച ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതിന് പിന്നാലെ തന്നെ ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. അരുണ്‍ മല്ലയായിരുന്നു ക്യാപ്റ്റന്‍. മരിച്ച ചൈനീസ് പൗരന്മാര്‍ റാസുവയിലേക്കുള്ള യാത്രയിലായിരുന്നുവെന്നാണു റിപ്പോര്‍ട്ട്. സൂര്യ ചൗര്‍മേഖലയ്ക്ക് മുകളില്‍ വച്ചാണ് ഹെലികോപ്റ്ററിന് ബന്ധം നഷ്ടപ്പെട്ടത്.
മൂന്നാം തവണയാണ് എയര്‍ ഡൈനസ്റ്റിയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നത്. 2013 സെപ്റ്റംബര്‍ 26ന് ലുക്ല വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ എയര്‍ ഡൈനസ്റ്റിയുടെ യൂറോകോപ്റ്റര്‍ എഎസ് 350 തകര്‍ന്നു വീണിരുന്നു. അപകടത്തില്‍ നാലു പേര്‍ അത്ഭുതകരമായാണു രക്ഷപ്പെട്ടത്. 2019 ഫെബ്രുവരി 27നുണ്ടായ മറ്റൊരപകടത്തില്‍ എയര്‍ ഡൈനസ്റ്റിയുടെ എയര്‍ബസ് എച്ച് 125 ചാര്‍ട്ടര്‍ ഹെലികോപ്ടര്‍ ടാപ്ലെജംഗില്‍ തകര്‍ന്നു വീണിരുന്നു. നേപ്പാള്‍ ടൂറിസം മന്ത്രി രബീന്ദ്ര പ്രസാദ് അധികാരി ഉള്‍പ്പെടെ ഏഴു പേരാണ് അന്ന് നടന്ന അപകടത്തില്‍ കൊല്ലപ്പെട്ടത്.