ന്യൂഡല്‍ഹി: പട്ടികജാതി -പട്ടികവര്‍ഗ വിഭാഗങ്ങളിലെ അതിപിന്നാക്കക്കാര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും ഉപസംവരണം നല്‍കാമെന്നുള്ള സുപ്രീംകോടതി വിധി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന്‍. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടികജാതി -പട്ടികവര്‍ഗ സമുദായങ്ങള്‍ക്ക് ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള സംവരണത്തില്‍ നിന്ന് മേല്‍ത്തട്ടുകാരെ ഒഴിവാക്കണമെന്ന വിധിയും അംഗീകരിക്കാനാവില്ല. സംവരണത്തിനുള്ളില്‍ സംവരണം അനുവദിക്കുന്നത് കാലങ്ങളായി തൊട്ടുകൂടായ്മ അനുഭവിക്കുന്ന സമുദായങ്ങളുടെ ഉന്നമനത്തിന് തിരിച്ചടിയാകും. തൊട്ടുകൂടായ്മയുടെ അടിസ്ഥാനത്തിലാണ് ദളിത് വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കിയത്. സാമ്പത്തികാവസ്ഥയുടെ അടിസ്ഥാനത്തിലല്ല. നല്ല സാമ്പത്തികാവസ്ഥയും വിദ്യാഭ്യാസവും ഉള്ള ദളിത് കുടുംബങ്ങള്‍പോലും തൊട്ടുകൂടായ്മ അനുഭവിക്കുന്നുണ്ട്. അതിനാല്‍, സുപ്രീംകോടതിയുടെ വിധി ന്യായീകരിക്കാനാവുന്നതല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പട്ടികജാതി -പട്ടികവര്‍ഗ വിഭാഗങ്ങളിലെ അതിപിന്നാക്കക്കാര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും ഉപസംവരണം നല്‍കാമെന്ന് കഴിഞ്ഞദിവസമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. അതി പിന്നാക്കക്കാര്‍ക്കുള്ള ഉപസംവരണം സ്ഥിതിവിവരക്കണക്കിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും സംവരണത്തിനായി മാറ്റിവെച്ചിട്ടുള്ള മുഴുവന്‍ സീറ്റുകളും അതിപിന്നാക്കക്കാര്‍ക്കായി നീക്കിവെയ്ക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.