ലണ്ടന്‍: ബ്രിട്ടനിലുടനീളം തീവ്ര വലതുപക്ഷവാദികള്‍ അക്രമമഴിച്ചുവിട്ടു. കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നടത്തിയ പ്രകടനങ്ങളാണ് അക്രമത്തിലും കൊള്ളയിലും കലാശിച്ചത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നൂറോളം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
ഹള്‍, ലിവര്‍പൂള്‍, ബ്രിസ്റ്റള്‍, മാഞ്ചെസ്റ്റര്‍, സ്റ്റോക്ക് ഓണ്‍ ട്രെന്റ്, ബ്ലാക്ക് പൂള്‍, ബെല്‍ഫാസ്റ്റ് തുടങ്ങിയ മേഖലകളിലാണ് അക്രമസംഭവങ്ങളുണ്ടായത്. പൊലീസിനെ ആക്രമിച്ച പ്രതിഷേധക്കാര്‍ മേഖലയിലെ കടകളും കൊള്ളയടിച്ചു. പൊലീസിനു നേരെ കുപ്പികളും ഇഷ്ടികകളും പടക്കങ്ങളും എറിഞ്ഞ് കലാപകാരികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച മേഴ്സിസൈഡിലെ സൗത്ത് പോര്‍ട്ടില്‍ ഒരു നൃത്ത പരിപാടിയില്‍ വെച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇഷ്ടികകളും കുപ്പികളും അടക്കമുള്ളവയുമായി പ്രതിഷേധക്കാര്‍ നിരത്തുകളിലിറങ്ങിയത്. വാള്‍ട്ടണില്‍ ഒരു ലൈബ്രറിക്ക് പ്രതിഷേധക്കാര്‍ തീവെച്ചു. പ്രതിഷേധക്കാര്‍ക്കെതിരെയും ആളുകള്‍ സംഘടിച്ച് മുദ്രാവാക്യം വിളിച്ചെത്തി.
ലിവര്‍പൂളിലെ ലൈം സ്ട്രീറ്റ് സ്റ്റേഷനില്‍ നൂറുകണക്കിന് ഫാസിസ്റ്റ് വിരുദ്ധ പ്രകടനക്കാര്‍ ഒത്തുകൂടി ഐക്യത്തിനും സഹിഷ്ണുതക്കും വേണ്ടി ആഹ്വാനം ചെയ്തു. ‘അഭയാര്‍ത്ഥികളെ ഇവിടെ സ്വാഗതം ചെയ്യുന്നു, ഞങ്ങളുടെ തെരുവുകളില്‍ നിന്ന് നാസികള്‍ കടന്നുപോവുക’, ‘നമ്മുടെ രാജ്യം ഞങ്ങള്‍ക്ക് തിരികെ വേണം’, ‘അഭയാര്‍ത്ഥികള്‍ക്ക് ഇവിടേക്കു സ്വാഗതം’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഫാസിസ്റ്റ് വിരുദ്ധര്‍ തെരുവിലിറങ്ങിയത്. അക്രമികള്‍ ബിയര്‍ കാനുകള്‍ എറിഞ്ഞതോടെ ഇവരും പ്രതിഷേധക്കാരെ നേരിട്ടു. നായകളുമായി ഇറങ്ങിത്തിരിച്ച പൊലീസുകാര്‍ ഇരുവിഭാഗത്തെയും ഓടിച്ചാണ് പലയിടങ്ങളിലും സമാനാധ അന്തരീക്ഷം പുനസ്ഥാപിച്ചത്. ഞായറാഴ്ച പുലര്‍ച്ച വരേയും പലയിടത്തും സംഘര്‍ഷം തുടര്‍ന്നു.
വിദ്വേഷം വളര്‍ത്താനാണ് ഇത്തരം പ്രതിഷേധങ്ങളെന്നും വിദ്വേഷം പടര്‍ത്താനുള്ള ഒരു ശ്രമങ്ങളോടും സഹിഷ്ണുത കാണിക്കില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. പ്രതിഷേധം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ പേരില്‍ അക്രമം നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും കര്‍ശനമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്വേഷം വിതക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് സേനക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.