14 പോലീസുകാരുള്‍പ്പെടെ 72 പേര്‍ കൊല്ലപ്പെട്ടു
ധാക്ക: പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ വീണ്ടും ആരംഭിച്ച പ്രതിഷേധത്തിനിടെ 14 പൊലീസുകാര്‍ ഉള്‍പ്പെടെ 72 പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ധാക്കയിലുള്‍പ്പെടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സംഘര്‍ഷം പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. പ്രതിഷേധക്കാരും അവാമി ലീഗ് പ്രവര്‍ത്തകരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടിയതോടെയാണ് ഒട്ടേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായത്.
പൊലീസ് വെടിവെപ്പിലും ധാരാളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ധാക്ക, മുന്‍ഷിഗഞ്ച്, രംഗ്പുര്‍, പബ്‌ന, സിറാജ്ഗഞ്ച്, ബോഗ്ര, മഗുര, കൊമില്ല എന്നിവിടങ്ങളിലെല്ലാം ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. പബ്‌നയില്‍ മുന്നു വിദ്യാര്‍ഥികളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പലയിടത്തും പൊലീസ് വാഹനങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും തീയിട്ട സംഭവങ്ങളുണ്ടായി.
ബംഗ്ലാദേശ് വിമോചന പോരാട്ടത്തില്‍ പങ്കെടുത്തവരുടെ മക്കള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ തുടങ്ങിയ പ്രതിഷേധം സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് രമ്യതയിലെത്തി രാജ്യം സാധാരണ നിലയിലായി വരുന്നതിനിടെയാണ് ഷെയ്ഖ് ഹസീനയുടെ രാജിയുള്‍പ്പെടെയുള്ള ആവശ്യങ്ങളുയര്‍ത്തി പുതിയ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.
ധാക്കയില്‍ ഇന്നലെ രാവിലെ നടന്ന നിസ്സഹകരണ പരിപാടിയില്‍ പങ്കെടുത്ത പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗ്, ഛാത്ര ലീഗ്, ജൂബോ ലീഗ് എന്നീ സംഘടനകളുടെ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷം ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ രാജിയും സംവരണ പരിഷ്‌കരണ പ്രതിഷേധവുമായി ബന്ധപ്പെട്ട് സമീപകാല അക്രമങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതിയും ആവശ്യപ്പെട്ട് ‘വിവേചന വിരുദ്ധ വിദ്യാഥി പ്രസ്ഥാന’ത്തിന്റെ ബാനറിലായിരുന്നു പ്രതിഷേധം. ഇത് പിന്നീട് വന്‍സംഘര്‍ഷമായി രാജ്യത്താകമാനം വ്യാപിക്കുകയായിരുന്നു.
ബംഗ്ലാദേശിന്റെ 1971ലെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത വിവാദ ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ മൂന്നാം വാരം നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിനിടെയുണ്ടായ അക്രമങ്ങളില്‍ 200ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പിന്നീട് വിവാദ സംവരണ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയതോടെ പ്രതിഷേധം അവസാനിച്ചു.
ബംഗ്ലാദേശിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആവശ്യപ്പെടുകയും ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.