വിടവാങ്ങിയത് ബംഗാളിലെ അവസാന സി.പി.എം. മുഖ്യമന്ത്രി
കൊല്‍ക്കത്ത: മുതിര്‍ന്ന സി.പി.എം. നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. തെക്കന്‍ കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വ്യാഴാഴ്ച രാവിലെ 8.20 ഓടെയായിരുന്നു അന്ത്യം. ബംഗാളിലെ അവസാന സി.പി.എം. മുഖ്യമന്ത്രി എന്ന നിലയില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിയാണ് വിടവാങ്ങല്‍. ബാലിഗഞ്ച് ഏരിയയിലെ ചെറിയ സര്‍ക്കാര്‍ അപ്പാര്‍ട്ട്മെന്റിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബിനെ വാര്‍ധക്യസഹജമായ രോഗങ്ങള്‍ അലട്ടുന്നുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചുകാലമായി അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയായിരുന്നു. 2019ലാണ് അദ്ദേഹം അവസാനമായി പൊതുപരിപാടിയില്‍ പങ്കെടുത്തത്.
1977ല്‍ ബംഗാള്‍ മന്ത്രിസഭയിലെത്തിയ ബുദ്ധദേബ് 1996ല്‍ ആഭ്യന്തര മന്ത്രിയും 1999ല്‍ ഉപമുഖ്യമന്ത്രിയുമായി. 2000 മുതല്‍ 2011 വരെ മൂന്ന് തവണകളായിട്ടാണ് മുഖ്യമന്ത്രിസ്ഥാനം വഹിച്ചത്. 2011ലെ തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനോട് പരാജയപ്പെട്ട് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹം പടിയിറങ്ങിയപ്പോള്‍ 34 വര്‍ഷം നീണ്ടുനിന്ന ബംഗാളിലെ സി.പി.എം. ഭരണകാലത്തിനു കൂടിയാണ് അന്ത്യമായത്. കവി, പ്രാസംഗികന്‍ എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. 2022ല്‍ മോദി സര്‍ക്കാര്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചുവെങ്കിലും ബുദ്ധദേബ് അതു നിരസിച്ചു.