യൂണിവേഴ്‌സല്‍ സിം പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് നിലവിലെ സിം കാര്‍ഡ് മാറ്റാതെ തന്നെ 4ജിയും പിന്നീട് 5ജി സേവനവും ലഭ്യമാക്കുന്ന യൂണിവേഴ്‌സല്‍ സിം (USIM) സാങ്കേതികവിദ്യ പൊതുമേഖലാ ടെലികോം കമ്പനി ബി.എസ്.എന്‍.എ. അവതരിപ്പിച്ചു. രാജ്യം മുഴുവന്‍ 4ജി സേവനം വ്യാപിപ്പിക്കാനൊരുങ്ങുന്ന ബി.എസ്.എന്‍.എല്‍. വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ സങ്കേതം അവതരിപ്പിച്ചത്. ഇനിമുതല്‍ ബി.എസ്.എന്‍.എല്ലിന്റെ 4ജി, 5ജി സേവനങ്ങള്‍ ലഭിക്കാന്‍ പുതിയ സിം കാര്‍ഡ് എടുക്കേണ്ടതില്ല.
ഇതോടൊപ്പം 4ജി, 5ജി എന്നിവയുമായി ബന്ധപ്പെട്ട ഓവര്‍-ദ-എയര്‍ (OTA) സാങ്കേതികവിദ്യയും ബി.എസ്.എന്‍.എല്‍. അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് ബി.എസ്.എന്‍.എല്‍. ഓഫീസ് സന്ദര്‍ശിക്കാതെയും നിലവിലെ സിം കാര്‍ഡ് മാറ്റാതെയും 4ജിയിലേക്കും പിന്നീട് 5ജിയിലേക്കും അപ്‌ഗ്രേഡ് ചെയ്യാന്‍ സഹായിക്കുന്ന സൗകര്യമാണിത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഘട്ടംഘട്ടമായി 4ജി സേവനം ലഭ്യമാക്കി വരികയാണ് ബി.എസ്.എന്‍.എല്‍. പഞ്ചാബിലും കേരളത്തിലെ ഇടുക്കിയിലും ഉള്‍പ്പെടെ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ 4ജി സേവനം ഇപ്പോള്‍ ലഭ്യമാണ്. ഒക്ടോബറോടെ രാജ്യമെമ്പാടുമായി 80,000 4ജി ടവറുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വേണ്ടിവരുന്ന 21,000 ടവറുകള്‍ 2025 മാര്‍ച്ചിനകവും സജ്ജമാക്കും.