25.4 C
Trivandrum

ആടു തോമയെ വീഴ്ത്തി വിശാല്‍ കൃഷ്ണമൂര്‍ത്തി

    • റീ റിലീസിങ്ങില്‍ റെക്കോഡ് കളക്ഷന്‍ നേടി ദേവദൂതന്‍

    • വിശാലിനെ നേരിടാന്‍ ഡോ.സണ്ണി എത്തും

കാല്‍ നൂറ്റാണ്ടിനു ശേഷം വീണ്ടുമെത്തി തിയേറ്ററുകള്‍ നിറയ്ക്കുകയാണ് ദേവദൂതന്‍. പുതിയ റെക്കോഡുകള്‍ നേടിയാണ് സിനിമ തിയേറ്ററുകളില്‍ തുടരുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ റിലീസുകള്‍ മാറ്റിവച്ചതോടെ കൂടുതല്‍ തിയേറ്ററുകളില്‍ ദേവദൂതന്‍ പ്രദര്‍ശനത്തിനെത്തി. രണ്ടാം വാരം കൂടുതല്‍ തിയേറ്ററുകളിലേയ്ക്ക് കൂടി എത്തുന്നതിന് മുമ്പുതന്നെ 3.2 കോടി രൂപയുടെ കളക്ഷന്‍ ദേവദൂതന്‍ നേടി. നേരത്തെ മോഹന്‍ലാലിന്റെ തന്നെ സ്ഫടികം റീ റിലീസിങ്ങില്‍ നേടിയത് 3.1 കോടി രൂപയായിരുന്നു. ഈ ആഴ്ച അവസാനിക്കുമ്പോള്‍ നാലു കോടിക്ക് മുകളിലായി കളക്ഷന്‍ ക്ലോസ് ചെയ്യാന്‍ കഴിയുമെന്നാണ് പിന്നണി പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ഓണം റിലീസ് വരെ ദേവദൂതന്‍ തിയേറ്ററുകളില്‍ തുടര്‍ന്നേയ്ക്കും.

സ്ഫടികം

ഓഗസ്റ്റ് 17ന് എക്കാലത്തെയും ക്ലാസിക് ചിത്രം മണിച്ചിത്രത്താഴും പുനഃപ്രദര്‍ശനത്തിനെത്തുകയാണ്. ദേവദൂതന്റെ മികച്ച റെക്കോര്‍ഡ് മണിച്ചിത്രത്താഴിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കും ആവേശം പകര്‍ന്നിട്ടുണ്ട്. റിലീസിങ് സമയത്ത് തിയേറ്ററില്‍ പരാജയപ്പെട്ട ദേവദൂതന്‍ ഇത്രയും കളക്ഷന്‍ നേടുമ്പോള്‍ വന്‍ ഹിറ്റായിരുന്ന മണിച്ചിത്രത്താഴ് വലിയ വിജയം നേടുമെന്നാണ് പ്രതീക്ഷ. വിശാല്‍ കൃഷ്ണമൂര്‍ത്തിയെന്ന സംഗീതപ്രതിഭയെ ഹൃദയത്തില്‍ സ്വീകരിച്ച പുതിയ തലമുറ ഡോ.സണ്ണിയെ ആവേശത്തോടെ സ്വീകരിക്കുമെന്നാണ് സിനിമാലോകം കരുതുന്നത്. ഓണത്തിരക്കു തന്നെയാണ് മണിച്ചിത്രത്താഴിന്റെയും ലക്ഷ്യം.

മണിച്ചിത്രത്താഴ്

ദേവദൂതന്‍ റിലീസിങ് സമയത്തുണ്ടായിരുന്ന പല ഭാഗങ്ങളും റീ റിലീസ് ചെയ്ത സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 34 മിനിട്ടാണ് ഒഴിവാക്കിയത്. ഇതില്‍ ജഗതി ശ്രീകുമാര്‍ കൈയടി നേടിയ ഹാസ്യ രംഗങ്ങളും ഉള്‍പ്പെടും. ആദ്യ റിലീസില്‍ കണ്ടവര്‍ക്ക് മനോവിഷമം ഉണ്ടാകുമെങ്കിലും പുതിയ പ്രേക്ഷകര്‍ക്ക് ഇത് ഫീല്‍ ചെയ്യില്ല. മികച്ച റീ എഡിറ്റിങിലൂടെയാണ് പുതിയ സിനിമയെന്ന തരത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാതാവ് സിയാദ് കോക്കറിനുണ്ടായ നഷ്ടം പൂര്‍ണമായും നികത്തുക മാത്രമല്ല വന്‍ ലാഭം നേടിക്കൊടുക്കുകയും ചെയ്യും ദേവദൂതന്‍. സിബി മലയിലിന്റെ മികച്ച സിനിമകളില്‍ ഒന്നായിരുന്നിട്ടും അന്നിതു കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം സിബി മലയില്‍ എന്ന പ്രതിഭാധനനായ സംവിധായകനെ പ്രേക്ഷകര്‍ തിരിച്ചറിയുന്നു.

Related Articles

Kerala

India

Entertainment

Sports