ന്യൂഡല്‍ഹി: തനിക്കും ഭര്‍ത്താവ് ധവല്‍ ബുച്ചിനും അദാനി ഗ്രൂപ്പിന്റെ നിഴല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് ആരോപണം നിഷേധിച്ച് സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗിന്റേതെന്നും അവ സുപ്രീം കോടതി തള്ളിക്കളഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.
തന്നെ വ്യക്തിഹത്യ ചെയ്യുന്നതിനായാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നാണ് മാധബി ബുച്ച് വിശദീകരിച്ചത്. ‘ഹിന്‍ഡന്‍ബര്‍ഗ് സ്വഭാവഹത്യ നടത്തുകയാണ്. ഏത് ഏജന്‍സിക്കും രേഖകള്‍ നല്‍കാന്‍ തയ്യാറാണ്. ഹിന്‍ഡന്‍ബര്‍ഗിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന്റെ പ്രതികാരമാണ് നിലവില്‍ നടത്തുന്നത്. എന്റെ ജീവിതവും സാമ്പത്തിക ഇടപാടുകളും ഒരു തുറന്ന പുസ്തകമാണ്’ -അവര്‍ പറഞ്ഞു. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും മാധബി പറയുന്നു.
ലാഭത്തിനായാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചു. അവ വസ്തുതകളെ അവഗണിക്കുന്നതും ഇന്ത്യന്‍ നിയമങ്ങളെ അവഹേളിക്കുന്നതുമാണെന്നും പ്രസ്താവനയില്‍ ഗ്രൂപ്പ് വ്യക്തമാക്കി.