ലെവല്‍ ക്രോസ് മികച്ച ലെവലിലേക്ക്
ആസിഫ് അലി നായകനായ ലെവല്‍ ക്രോസിന് ആശംസകളുമായി മോഹന്‍ലാല്‍. തന്‍റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചാണ് പ്രശംസ ഒരു സ്റ്റോറിയായി അദ്ദേഹം പോസ്റ്റ് ചെയ്‌തത്. പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ലെവല്‍ ക്രോസ് തിയറ്ററുകളില്‍ രണ്ടാം വാരം പിന്നിടുകയാണ്. ത്രില്ലര്‍ മൂഡിലുള്ള ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ആസിഫ് അലിയുടെ കഥാപാത്രം എത്തുന്നത്. നിരവധി വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങളുള്ള സിനിമയില്‍ മികച്ച പ്രകടനമാണ് ആസിഫ് നടത്തിയിരിക്കുന്നത്.
സമീപകാലത്തിറങ്ങിയ മലയാള സിനിമകളില്‍ ക്ലാസിക് വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമ കൂടിയാണ് ലെവല്‍ ക്രോസ്. കളര്‍ടോണും പശ്ചാത്തലവും കഥാഗതിയും നവ്യമായ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. അര്‍ഫാസ് അയൂബാണ് ചിത്രത്തിന്റെ സംവിധായകന്‍. ജിത്തു ജോസഫിനൊപ്പം നിരവധി ചിത്രങ്ങളില്‍ അസിസ്റ്റന്റായും അസോസിയേറ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട് അര്‍ഫാസ്. ലെവല്‍ ക്രോസിന്റെ കഥയും തിരക്കഥയും അര്‍ഫാസിന്റേതാണ്.
അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി.പിള്ളയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ റാമിന്റെ നിര്‍മ്മാതാവ് കൂടിയാണ് അഭിഷേക് പിള്ള. അപ്പു പ്രഭാകറിന്റെ ക്യാമറ കഥാസന്ദര്‍ഭങ്ങളെ മനോഹരമായി പകര്‍ത്തിയിട്ടുണ്ട്. സംവിധായകന്‍ ലിജോ ജോസ് പല്ലിശേരിയുടെ വിശ്വസ്തനായ എഡിറ്റര്‍ ദീപു ജോസഫാണ് ലെവല്‍ക്രോസിന്റെയും എഡിറ്റര്‍. ജെല്ലിക്കട്ട്, ചുരുളി, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച അഭിപ്രായം നേടിയ എഡിറ്ററാണ് ദീപു. റോണക്സ് സേവ്യറിന്റെ മേക്കപ്പും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.