തിരുവനന്തപുരം: ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്നു ചലച്ചിത്ര താരവും എം.എല്‍.എയുമായ മുകേഷിനെ ഒഴിവാക്കാന്‍ സി.പി.എം. തീരുമാനം. പീഡന ആരോപണങ്ങളെ തുടര്‍ന്നാണ് സമിതിയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചത്.
സ്വയം ഒഴിയാന്‍ മുകേഷിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തല്‍ക്കാലം എം.എല്‍.എ. സ്ഥാനത്ത് നിന്നുള്ള രാജി വേണ്ടെന്ന നിലപാടും സി.പി.എം. സ്വീകരിച്ചു. ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ പരാതി നല്‍കുകയാണെങ്കില്‍ അന്വേഷണം നേരിടാനുമാണ് പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുന്നത്.
ആരോപണങ്ങള്‍ തെളിയുകയാണെങ്കില്‍ കേസെടുത്ത് തുടര്‍നടപടി സ്വീകരിക്കേണ്ടി വരും. ആ ഘട്ടത്തില്‍ മാത്രമെ എം.എല്‍.എ. സ്ഥാനത്തു നിന്നുള്ള രാജി ആവശ്യപ്പെടുകയുള്ളൂവെന്ന് സിപിഐ എം നേതൃത്വം മുകേഷിനെ അറിയിച്ചിട്ടുണ്ട്.
ചലച്ചിത്രതാരം മിനു മുനീറാണ് മുകേഷിനെതിരെ രംഗത്തു വന്നത്. ഒരു ജൂനിയര്‍ ആര്‍ടിസ്റ്റും ആരോപണമുന്നയിച്ചിട്ടുണ്ട്. ഇതിന് പുറമെ 2018ല്‍ വിവാദമായ മീ ടു ആരോപണ സമയത്തും മുകേഷിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. സൂര്യ ടിവിയിലെ കോടീശ്വരന്‍ ഷോയുടെ അവതാരകനായിരുന്ന മുകേഷ് നിരന്തരം ലൈംഗിക ആവശ്യം ഉന്നയിച്ച് ശല്യപ്പെടുത്തുമായിരുന്നുവെന്ന് കാസ്റ്റിങ് ഡയറക്ടര്‍ കൂടിയായ ടെസ് ജോസഫ് ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണവും ഇപ്പോള്‍ വീണ്ടും സജീവമാകുകയാണ്.