മുംബൈ: 2023-24ല്‍ ഇന്ത്യയിലെ ടെലികോം മേഖല ഗണ്യമായ വളര്‍ച്ച കൈവരിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ 7.3 കോടിയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
2023 മാര്‍ച്ച് അവസാനം 88.1 കോടിയുണ്ടായിരുന്ന ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം 2024 മാര്‍ച്ച് അവസാനത്തോടെ 95.4 കോടിയായി വര്‍ധിച്ചു. ഇന്റര്‍നെറ്റ് വരിക്കാരുടെ വളര്‍ച്ചാനിരക്ക് 8.30 ശതമാനമാണ്. 9.15 ശതമാനം എന്ന ശക്തമായ വളര്‍ച്ചാനിരക്കോടെ ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം 2023 മാര്‍ച്ചിലെ 84.6 കോടിയില്‍ നിന്ന് 2024 മാര്‍ച്ചില്‍ 92.4 കോടിയായി വര്‍ധിച്ചു. ബ്രോഡ്ബാന്‍ഡ് വരിക്കിരില്‍ 7.8 കോടിയുടെ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
വയര്‍ലെസ് ഡാറ്റ വരിക്കാരുടെ എണ്ണം 2023 മാര്‍ച്ച് അവസാനം 84.6 കോടിയില്‍ നിന്ന് 2024 മാര്‍ച്ച് അവസാനത്തോടെ 91.3 കോടിയായി വര്‍ധിച്ചു. മൊത്തം ഡാറ്റ ഉപയോഗം 21.69 ശതമാനമാണ് വര്‍ധിച്ചത്. ടെലിഫോണ്‍ വരിക്കാരുടെ എണ്ണം 2023 മാര്‍ച്ച് അവസാനത്തോടെ 117.2 കോടിയില്‍ നിന്ന് 2024 മാര്‍ച്ച് അവസാനത്തോടെ 119.9 കോടിയായി വര്‍ധിച്ചു.ഓരോ വരിക്കാരന്റെയും പ്രതിമാസം ഉപയോഗിക്കുന്ന മിനിറ്റ് ശരാശരി 2022-23 വര്‍ഷത്തിലെ 919 ല്‍ നിന്ന് 2023-24 ല്‍ 963 ആയി വര്‍ധിച്ചു. വാര്‍ഷിക വളര്‍ച്ചാ നിരക്ക് 4.73 ശതമാനമാണ്.
സ്മാര്‍ട്ട്ഫോണുകളുടെ താങ്ങാനാവുന്ന വിലയും ഡാറ്റാ പ്ലാനുകളുടെ ലഭ്യതയും സ്ട്രീമിങ് സേവനങ്ങളുടെ ആകര്‍ഷണീയതയും ഇന്റര്‍നെറ്റ് ലഭ്യതയും വരിക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് ട്രായ് വിലയിരുത്തല്‍.