കൊച്ചി: തനിക്കെതിരെ പീഡനാരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ നടന്‍ സിദ്ദിഖ് ഡി.ജി.പിക്ക് പരാതി നല്‍കി. നടിയുടെ ആരോപണത്തിന് പിന്നില്‍ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. പീഡനാരോപണത്തിന് പിന്നാലെ സിദ്ദിഖിന് താര സംഘടനയായ എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെയ്‌ക്കേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് നിയമനടപടിയുമായി നടന്‍ മുന്നിട്ടിറങ്ങിയത്.
സിദ്ദിഖിനെതിരെ ഗുരുതര ആരോപണമാണ് യുവനടി രേവതി സമ്പത്ത് ഉന്നയിച്ചിരുന്നത്. വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ എ.എം.എം.എ. ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തു നിന്നായിരുന്നു ദുരനുഭവം. പക്ഷേ അത് പുറത്തു പറയാന്‍ പോലും സമയമെടുത്തു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. 2019ല്‍ ഇതേ കുറിച്ച് രേവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ഇപ്പോള്‍ വീണ്ടും വൈറലായിരുന്നു. പിന്നാലെയാണ് കൂടുതല്‍ പ്രതികരണവുമായി താരം എത്തിയത്.
തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കള്‍ക്കും ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. ഉന്നതരായ പലരില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു സുഹൃത്തുക്കള്‍ പങ്കു വെച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വലിയ പ്രതീക്ഷയുണ്ട്. റിപ്പോര്‍ട്ടില്‍ ഇനിയെന്ത് തുടനടപടി എന്നതാണ് കാര്യം. സര്‍ക്കാര്‍ ഈ വിഷയത്തിന് മുന്‍ഗണന നല്‍കണമെന്നും രേവതി സമ്പത്ത് പറഞ്ഞു.