തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ശമ്പളം നിര്‍ബന്ധപൂര്‍വ്വം പിടിക്കുന്നതില്‍ സഹകരിക്കില്ലെന്ന് കേരള എന്‍.ജി.ഒ. അസോസിയേഷന്‍ വ്യക്തമാക്കി. വയനാട് ദുരിതാശ്വാസ ഫണ്ടില്‍ ജീവനക്കാര്‍ നല്‍കേണ്ട സംഭാവന നിര്‍ബന്ധമല്ല എന്ന് ഉത്തരവില്‍ പറയുമ്പോഴും ഓഫീസ് മേധാവികള്‍ വഴി സംഭാവന നിര്‍ബന്ധമാക്കിയിരിക്കുകയാണെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ പറഞ്ഞു.
സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സംഭാവനയ്ക്കുള്ള സമ്മതപത്രം കൊടുക്കില്ല. അഞ്ച് ദിവസത്തില്‍ താഴെ ശമ്പളം നല്‍കുന്നതിനായി ഉത്തരവ് ഭേദഗതി ചെയ്ത് ഇറക്കാത്തതിനാല്‍ സാലറി നിര്‍ബന്ധപൂര്‍വ്വം പിടിക്കുന്നതില്‍ സഹകരിക്കില്ലെന്നും അസോസിയേഷന്റെ സംസ്ഥാന ഭാരവാഹി യോഗത്തില്‍ തീരുമാനിച്ചു.
എന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ വയനാട് ഉരുള്‍പ്പൊട്ടലില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ടവരെ ചേര്‍ത്ത് പിടിക്കാന്‍ തങ്ങളാലാവുന്നത് ചെയ്യാന്‍ സംഘടനാംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കഴിവിന്റെ പരമാവധി തുക സംഭാവന നല്‍കുവാന്‍ തീരുമാനിച്ചു. അസോസിയേഷന്‍ നേരിട്ട് തന്നെ വയനാട് പുനരധിവാസ പദ്ധതിയില്‍ അഞ്ചു വീടുകള്‍ നിര്‍മ്മിച്ച് നല്‍കുവാനും തീരുമാനമായി.