ബംഗളൂരു: അഴിമതി ആരോപണ വിധേയനായ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് അനുമതി നല്കി. മൈസൂര്‍ അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി -മൂഡയുടെ 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനല്‍കുന്ന വ്യക്തികള്‍ക്കു പകരം ഭൂമി മറ്റൊരിടത്തു നല്‍കുന്ന പദ്ധതിയാണിത്. അതേസമയം, അഴിമതി ആരോപണങ്ങള്‍ നിഷേധിച്ച സിദ്ധരാമയ്യ ഗവര്‍ണറുടെ അനുമതിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
സിദ്ധരാമയയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച വിവരാവകാശ പ്രവര്‍ത്തകന്‍ ടി.ജെ.എബ്രഹാമുമായി ഗവര്‍ണര്‍ രാജ്ഭവനില്‍ വൈകീട്ട് മൂന്നിനു കൂടിക്കാഴ്ച നടത്തും. അഴിമതി ആരോപണം സംബന്ധിച്ച് കഴിഞ്ഞ ജൂലൈ 26ന് ഗവര്‍ണര്‍ സിദ്ധരാമയ്യയില്‍നിന്ന് വിശദീകരണം തേടിയിരുന്നു. ചീഫ് സെക്രട്ടറിയില്‍നിന്ന് വിവരങ്ങള്‍ തേടുകയും ചെയ്തു.
സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയുടെ പേരില്‍ മൈസൂരു ഔട്ടര്‍ റിങ് റോഡിലുള്ള കേസരയില്‍ സ്ഥിതിചെയ്യുന്ന ഭൂമി ഈ പദ്ധതി പ്രകാരം ലേഔട്ട് വികസിപ്പിക്കാന്‍ മൈസൂരു നഗരവികസന അതോറിറ്റിക്കു നല്‍കിയിരുന്നു. പകരം നല്‍കിയ ഭൂമി അവര്‍ അര്‍ഹിക്കുന്നതിനേക്കാള്‍ അധികം മൂല്യമുള്ളതാണെന്നും ഭൂമി കൈമാറ്റത്തില്‍ ക്രമക്കേടുണ്ടെന്നുമാണ് ആരോപണം. പകരമായി പാര്‍വതിക്കു ഭൂമി നല്‍കിയതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഡ കമ്മിഷണര്‍ക്ക് എബ്രഹാം ഓഗസ്റ്റില്‍ നിവേദനം നല്കിയിരുന്നു. ഭൂമി സംബന്ധിച്ച എല്ലാ കണക്കുകളും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സിദ്ധരാമയ്യ മറച്ചുവെച്ചെന്നും ആരോപണമുണ്ട്.
പാര്‍വതി നല്‍കിയ ഭൂമിയില്‍ ദേവന്നൂര്‍ ലേ ഔട്ട് വികസിപ്പിച്ച മൈസൂരു നഗര വികസന അതോറിറ്റി, ഭൂമിയുടെ മൂല്യം താരതമ്യേന കൂടുതലുള്ള വിജയ നഗറില്‍ അവര്‍ക്കു 38,284 ചതുരശ്ര അടി പകരം നല്‍കി. ഇതുവഴി മൈസൂരു നഗരവികസന അതോറിറ്റിക്കും കര്‍ണാടക സര്‍ക്കാരിനും 4,000 നാലായിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് ആരോപണം.