തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പില്ലെന്ന പ്രസ്താവനകളുമായി പ്രമുഖ താരങ്ങളെത്തിയെങ്കിലും ഇപ്പോഴും സൂപ്പര്‍ പവര്‍ ഗ്രൂപ്പ് സജീവം. പ്രമുഖരുടെ അനുയായികളാണ് സൂപ്പര്‍ പവര്‍ ഗ്രൂപ്പായി മാറി അവര്‍ക്കായി പ്രവര്‍ത്തിക്കുന്നത്. പ്രമുഖര്‍ ആരോപണ വിധേയരായതോടെ യുവതാരങ്ങളുടെ മൂല്യം ഉയര്‍ന്നിരുന്നു. ഇത്തരം സംഭവങ്ങളില്‍ യുവതാരങ്ങള്‍ ഉള്‍പ്പെടില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇത് വ്യക്തമായതോടെയാണ് സൂപ്പര്‍ പവര്‍ ഗ്രൂപ്പ് കുത്സിത നീക്കങ്ങളുമായി സജീവമായത്. ആരോപണ വിധേയരല്ലാത്തവരെ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിനുള്ള തിരക്കഥയാണ് സൂപ്പര്‍ പവര്‍ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്.
ആരോപണങ്ങളില്‍ ഉള്‍പ്പെടാതിരുന്ന പൃഥ്വിരാജിനെതിരെയും ചില നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ തന്നെ അദ്ദേഹം അതു പൊളിച്ചു. പിന്നാലെയാണ് മറ്റുള്ളവര്‍ക്കെതിരെയുള്ള നീക്കം നടന്നത്. നിവിന്‍ പോളിക്കെതിരായി ഒന്നര മാസം മുമ്പ് വന്ന പരാതി പൊലീസ് അന്വേഷിക്കുകയും വ്യാജ ആരോപണമാണെന്ന് വ്യക്തമാകുകയും ചെയ്തതിനെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കുകയായിരുന്നു. അതേ പരാതിയാണ് കുത്തിപ്പൊക്കി സജീവമാക്കിയത്. എന്നാല്‍ ഉടനടി മാധ്യമങ്ങള്‍ക്ക് മുന്നില്ലെത്തിയ നിവിന്‍ പോളി ആസൂത്രിത നീക്കത്തിന് തടയിടുകയായിരുന്നു. വാര്‍ത്താസമ്മേളനത്തിനിടയില്‍ ഗൂഢാലോചനാ സംശയം അദ്ദേഹം ഉന്നയിക്കുകയും ചെയ്തു.
അടുത്ത ഇരകളാകാന്‍ പോകുന്നത് ടൊവിനോ തോമസും ആസിഫ് അലിയും കുഞ്ചാക്കോ ബോബനുമാണ്. ടൊവിനോയുടെ അജയന്റെ രണ്ടാം മോഷണം (എ.ആര്‍.എം.) സിനിമ ഓണത്തിന് റിലീസ് ചെയ്യാനിരിക്കുന്നതാണ് അദ്ദേഹത്തിനെതിരെയുള്ള നീക്കം നടത്തുന്നത്. നേരത്തെ ദിലീപിനെതിരെ ആരോപണം ഉയര്‍ന്നതിന് ശേഷം അദ്ദേഹത്തിന്റെ സിനിമകളെ തിയറ്ററുകളില്‍ ജനം കൈവിട്ടിരുന്നു. പ്രമുഖ കഥാകൃത്തുക്കളും സംവിധായകരുമൊക്കെയായിരുന്നു സിനിമകള്‍ക്ക് പിന്നില്‍. വലിയ ബജറ്റില്‍ ഒരുങ്ങിയ ബാന്ദ്ര പോലും തിയറ്ററില്‍ ഒരാഴ്ച തികച്ചില്ല. യഥാര്‍ത്ഥ സംഭവത്തെ അധികരിച്ചു വന്ന തങ്കമണിയും വീണു. ഈ സിനിമകള്‍ക്കൊന്നും ഒ.ടി.ടി. ബിസിനസും നടന്നില്ല. വലിയ നഷ്ടമാണ് നിര്‍മ്മാണ കമ്പനികള്‍ക്ക് സംഭവിച്ചത്.
ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സൂപ്പര്‍ താര പദവിയിലേയ്ക്ക് എത്തിയ ഒരു പ്രമുഖ നടിയെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. ഇതേ സമയത്തായിരുന്നു ഇവര്‍ അഭിനയിച്ച സിനിമ റിലീസിനെത്തിയത്. ഈ സിനിമയും തിയറ്ററില്‍ ജനം കൈവിട്ടു. ഇതോടു കൂടി ആരോപണ വിധേയരുടെ പൂര്‍ത്തിയായ സിനിമകളെല്ലാം അനിശ്ചിതത്വത്തിലായി. വിതരണ കമ്പനികള്‍ റിലീസ് ചെയ്യാന്‍ ധൈര്യം കാണിക്കുന്നുമില്ല. ഇതേ സമയം ഓണം റിലീസായി എത്തുന്ന നാല് നവാഗതരുടെ സിനിമകള്‍ തിയറ്ററുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. എ.ആര്‍.എം. കൂടി വരുന്നതോടെ ജനം തിയറ്ററിലേയ്ക്കെത്തും. ജനങ്ങള്‍ പുതിയ സിനിമകള്‍ സ്വീകരിക്കുകയും സാമ്പത്തിക നേട്ടം ലഭിക്കുകയും ചെയ്താല്‍ ആരോപണ വിധേയരുടെ അവസ്ഥ ദയനീയമാകും. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് സൂപ്പര്‍ പവര് ഗ്രൂപ്പിന്റെ ഗൂഢാലോചന.