30 C
Trivandrum

ബസൂക്കയും ബാറോസും വൈകും, തിയറ്ററുകള്‍ പ്രതിസന്ധിയിലേക്ക്‌

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഓണത്തിന് എത്തുമെന്ന് കരുതിയിരുന്ന മോഹന്‍ലാലിന്റെ ത്രിഡി ചിത്രം ബാറോസും മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ബസൂക്കയും തല്‍ക്കാലം തിയറ്ററുകളിലേയ്ക്കില്ല. രണ്ട് മാസങ്ങള്‍ക്ക് ശേഷമായിരിക്കും ഈ സിനിമകള്‍ റിലീസ് ചെയ്യുക.

വിവാദങ്ങളെ തുടര്‍ന്ന് തിയറ്ററുകളിലേയ്ക്ക് ജനങ്ങള്‍ എത്തുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് റിലീസിങ് കമ്പനികള്‍ പിന്മാറുന്നത്. ഇതോടെ ഓണത്തിന് ടൊവിനൊയുടെ അജയന്റെ രണ്ടാം മോഷണവും ആസിഫ് അലിയുടെ കിഷ്‌കിന്ധാ കാണ്ഡവും ആന്റണി പെപ്പെയുടെ കൊണ്ടലും മാത്രമായിരിക്കും തിയറ്ററുകളിലെത്തുക.

ദളപതി വിജയുടെ ഗോട്ട് ഇത്തവണ ഓണം കളക്ഷനില്‍ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലായിരം സ്‌ക്രീനുകളിലാണ് ഗോട്ട് പ്രദര്‍ശനത്തിനെത്തിയത്. മറ്റു ചിത്രങ്ങളില്ലാത്തത് കൊണ്ട് തന്നെ വിജയുടെ മാസ് ചിത്രം മികച്ച വിജയമായിരിക്കും.

ടൊവിനൊ മൂന്ന് വേഷത്തിലെത്തുന്ന എ.ആര്‍.എം. വമ്പന്‍ വിജയം നേടുമെന്ന വിശ്വാസവും തല്‍ക്കാലം തിയറ്ററുടമകള്‍ക്ക് ആശ്വാസം നല്‍കുന്നു. ആക്ഷന് പ്രാധാന്യമുള്ള കൊണ്ടല്‍ തിയറ്ററുകളില്‍ നിന്നും പെട്ടെന്ന് മാറ്റേണ്ടി വരില്ലെന്നുമാണ് കരുതുന്നത്.

ആസിഫ് അലിയുടെ സിനിമ കുടുംബങ്ങളെ തിയറ്ററുകളിലേയ്ക്കെത്തിക്കാന്‍ സഹായകമാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഇത്രയും സിനിമകള്‍ കൊണ്ട് പിടിച്ചു നില്‍ക്കാനാണ് ശ്രമിക്കുന്നത്.

സെപ്റ്റംബറില്‍ പ്രതീക്ഷിച്ചിരുന്ന ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത പണിയുടെ റിലീസും അനിശ്ചിതത്വത്തിലാണ്. വിവാദങ്ങള്‍ അവസാനിക്കുകയാണെങ്കില്‍ മാത്രം പൂജ ആഘോഷ വേളയില്‍ ബസൂക്കയും ബാറോസും തിയറ്ററുകളിലേയ്ക്ക് എത്തിയേക്കും.

ഇതിനിടയില്‍ തമിഴ്, ഹിന്ദി ചിത്രങ്ങള്‍ തിയറ്ററുകളിലേയ്ക്കെത്തും. മലയാള സിനിമകള്‍ കൈവിടുന്ന പ്രേക്ഷകര്‍ തമിഴ്, ഹിന്ദി സിനിമകള്‍ക്കായി തിയറ്ററുകളിലേയ്ക്കെത്തിയാല്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉടമകള്‍.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks