തിരുവനന്തപുരം: നിവിന്‍ പോളിക്കെതിരായ ആരോപണം ഉയര്‍ന്നപ്പോള്‍ വൈകാതെ തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നില്‍ യുവതാരങ്ങള്‍. ആരോപണങ്ങളില്‍ ഉള്‍പ്പെടാതിരുന്ന യുവ താരങ്ങളുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് നിവിന്‍ ശക്തമായ പ്രതികരണവുമായി എത്തിയത്. വ്യാജ ആരോപണത്തിനെതിരെ പൊരുതാന്‍ ഇവരുടെ പൂര്‍ണ പിന്തുണയും നിവിന് ഉറപ്പു നല്‍കിയിട്ടുണ്ട്.
പുരുഷ താരങ്ങള്‍ക്കൊപ്പം നായികമാരും അണിനിരക്കും. സിനിമയിലെ പവര്‍ ഗ്രൂപ്പിന്റെ ആസൂത്രിത ഗൂഢാലോചനയാണ് ആരോപണങ്ങള്‍ക്ക് പിന്നില്ലെന്ന് സംശയം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് നിവിനൊപ്പം നില്‍ക്കാനും തുടര്‍ ആരോപണങ്ങള്‍ക്ക് തടയിടാനും യുവ താരങ്ങളും അവരെ പിന്തുണയ്ക്കുന്ന നായികമാരും തീരുമാനിച്ചത്. കൂട്ടായ പ്രതിരോധമാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്.
ഇന്ത്യയിലെ തന്നെ പ്രമുഖ അഭിഭാഷകരെയായിരിക്കും ഇവര്‍ കളത്തിലിറക്കുക. ഗൂഢാലോചനയുടെ ഫലമായി ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനായി രൂപം കൊണ്ട കൂട്ടായ്മ ശക്തിപെടുകയാണെങ്കില്‍ താര സംഘടനയായ എ.എം.എം.എയുടെ ഭാരവാഹി തിരഞ്ഞെടുപ്പിലും മുതിര്‍ന്ന താരങ്ങള്‍ക്ക് വെല്ലുവിളിയാകും. കൂടുതല്‍ വനിതാ സഹപ്രവര്‍ത്തകരെ തങ്ങള്‍ക്കൊപ്പം അണിനിരത്താനും എ.എം.എം.എയില്‍ വിമത ശബ്ദം ഉയര്‍ത്തിയ മുന്‍ നിരക്കാരുടെ പിന്തുണ തേടാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരങ്ങളെ പിന്തുണച്ച വനിതകളുടെ പിന്തുണ ഇവര്‍ അംഗീകരിക്കില്ല. ഉപാധിരഹിതമായി പിന്തുണ പ്രഖ്യാപിച്ചാലും തള്ളിക്കളയാനാണ് സാദ്ധ്യത. ഇപ്പോള്‍ പിന്തുണ നല്‍കിയവരുടെ കൂട്ടത്തില്‍ പ്രമുഖ നായികമാരുമുണ്ട്.