തൃശ്ശൂര്‍: ഗൂഗിള്‍ പേ യാദൃച്ഛികമായി കയറി വന്ന 80,000 രൂപ തിരികെ നല്‍കിയ സത്യസന്ധതയ്ക്ക് നാടിന്റെയും നാട്ടുകാരുടെയും പ്രശംസ. ചാലക്കുടി നഗരസഭാ ജീവനക്കാരന്‍ സിജുവിന്റെ അക്കൗണ്ടിലാണ് പണം മാറിക്കയറിയത്. പണം വന്ന സന്ദേശം കണ്ടു ഞെട്ടിയ സിജു ഉടനെ സമീപത്തെ ബാങ്കിലെത്തി വിവരമറിയിച്ചു. തുടര്‍ന്ന് പണമയച്ച നമ്പറുമായി ബന്ധപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ വിവരം തിരക്കിയപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്.
ഒഡിഷയിലുള്ള ഒരു കുടുംബം മകളുടെ വിവാഹത്തിനായി മാറ്റിവെച്ചിരുന്ന പണമാണ് നമ്പര്‍ മാറി സിജുവിന്റെ അക്കൗണ്ടിലേക്ക് അയച്ചത്. പണം തെറ്റായ നമ്പറിലാണ് അയച്ചതെന്നു ബോധ്യപ്പെട്ടതോടെ ഒഡിഷയില്‍ അവരുടെ അക്കൗണ്ടുള്ള ബാങ്കില്‍ വിവരമറിയിക്കാന്‍ ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടു. അങ്ങനെ അവര്‍ ബാങ്കില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഒഡിഷയിലെ ബാങ്കില്‍ നിന്ന് എസ്.ബി.ഐ. ചാലക്കുടി ശാഖയില്‍ വിവരം അറിയിച്ചു.
ബാങ്ക് അക്കൗണ്ട് വഴി പണം അയച്ചാല്‍ മതിയെന്ന് ബാങ്ക് മാനേജര്‍ സിജുവിനോട് പറഞ്ഞു. അതു പ്രകാരം ചൊവ്വാഴ്ച സിജു 80,000 രൂപ തിരിച്ചയച്ചു.