തൃശൂര്‍: ഓണാഘോഷത്തിന് രുചി കൂട്ടാന്‍ കുടുംബശ്രീയുടെ ബ്രാന്‍ഡഡ് ചിപ്സും ശര്‍ക്കരവരട്ടിയും. ഫ്രഷ് ബൈറ്റ്സ് എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് പുറത്തിറക്കുന്ന ഉത്പന്നങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രോഡക്ട് ലോഞ്ചും പുഴയ്ക്കല്‍ വെഡിങ് വില്ലേജില്‍ മന്ത്രി എം.ബി.രാജേഷ് നിര്‍വഹിച്ചു.
കോര്‍പറേറ്റ് ബ്രാന്‍ഡുകളോട് കിടപിടിക്കുന്ന രീതിയിലാണ് കുടുംബശ്രീ ഉത്പന്നം വിപണിയില്‍ എത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി മികച്ച ഗുണനിലവാരത്തോടെയുള്ള ഉത്പാദനം, പാക്കിങ് എന്നിവയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ പുലര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ മുന്നൂറോളം യൂണിറ്റുകളില്‍ നിന്നായി 700 ഓളം കുടുംബശ്രീ സംരംഭകരെ ഭാഗമാക്കിയാണ് ഫ്രഷ് ബൈറ്റ്സ് പ്രവര്‍ത്തിക്കുന്നത്. 2024-25 വര്‍ഷത്തില്‍ മൂന്ന് ലക്ഷം ഉപജീവന പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപം നല്‍കിയ കെ-ലിഫ്റ്റ് പദ്ധതിയുടെ ഭാഗമാണിത്. എല്ലാ ജില്ലകളിലെയും മികച്ച ചിപ്‌സ്, ശര്‍ക്കരവരട്ടി ഉത്പാദന യൂണിറ്റുകളെ കണ്ടെത്തി കായംകുളം കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിരുന്നു.
ഉദ്ഘാടന ചടങ്ങില്‍ റവന്യൂ മന്ത്രി കെ.രാജന്‍ അദ്ധ്യക്ഷനായിരുന്നു. മന്ത്രി കെ രാജന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിന്‍സ്, കുടുംബശ്രീ സംസ്ഥാന മിഷന്‍ നോണ്‍ ഫാം ലൈവ്ലിഹുഡ് പ്രോഗ്രാം ഓഫീസര്‍ എ.എസ്.ശ്രീകാന്ത്, പഞ്ചായത്ത് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് എസ്.ബസന്ത്ലാല്‍, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.ജോജോ തുടങ്ങിയവര്‍ സംബന്ധിച്ചു.