30 C
Trivandrum

സിനിമാ പരാതികള്‍ അന്വേഷിക്കുന്നത് പ്രത്യേക വനിതാ സംഘം

തിരുവനന്തപുരം: സിനിമാ മേഖലയില്‍ വനിതകള്‍ നേരിട്ട ദുരനുഭവങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും മുതിര്‍ന്ന വനിതാ ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കാന്‍ തീരുമാനം. ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് രൂപം നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ ആദ്യയോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയുണ്ടായത്. സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ അധ്യക്ഷതയില്‍ പൊലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്ന സംഘം തുടരന്വേഷണത്തിന് രൂപം നല്‍കി.

അന്വേഷണ സംഘത്തില്‍ കൂടുതല്‍ വനിതാ ഓഫീസര്‍മാരെ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. ഡി.ഐ.ജി. എസ്.അജിത ബീഗം, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ്.പി. മെറിന്‍ ജോസഫ്, തീരദേശ പൊലീസ് എ.ഐ.ജി. ജി.പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്രെ എന്നീ വനിതാ ഓഫിസര്‍മാരായിരിക്കും കേസുകള്‍ അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ യോഗം നിര്‍ദേശം നല്‍കി.

ശനിയാഴ്ച മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കിയത്. ഐ.ജി. ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. മേല്‍നോട്ടം ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി. എച്ച്.വെങ്കിടേഷന് നല്‍കാനും തീരുമാനിച്ചു. ക്രമസമാധാന ചുമതലയുള്ള എ.ഐ.ജി. വി.അജിത്ത്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി. എസ്.മധുസൂദനന്‍ എന്നിവരും പ്രത്യേക സംഘത്തിലെ അംഗങ്ങളാണ്. പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫിസര്‍മാരെ കൂടാതെ മറ്റ് മുതിര്‍ന്ന ഐ.പി.എസ്. ഓഫിസര്‍മാരും പൊലീസ് ആസ്ഥാനത്തെ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks