26.2 C
Trivandrum

എ.എം.എം.എയില്‍ കൂട്ടരാജി; മോഹന്‍ലാല്‍ അടക്കം എല്ലാ ഭാരവാഹികളും ഒഴിഞ്ഞു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളുടെ തുടര്‍ച്ചയായി താരസംഘടനയായ എ.എം.എം.എയില്‍ കൂട്ടരാജി. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള എല്ലാ ഭാരവാഹികളും രാജിവെച്ചു. എ.എം.എം.എയുടെ ഭരണസമിതി പിരിച്ചുവിട്ടിട്ടുണ്ട്. ചൊവ്വാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്.

പ്രസിഡന്റ് മോഹന്‍ലാലിനു പുറമെ വൈസ് പ്രസിഡന്റുമാരായ ജയന്‍ ചേര്‍ത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറര്‍ ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും രാജിവെച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹനര്‍, ടൊവീനോ തോമസ്, സരയൂ, അന്‍സിബ, ജോമോള്‍ എന്നിവരും രാജിവെച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ പുറത്തു വന്ന വെളിപ്പെടുത്തലുകളില്‍ മലയാള സിനിമ ലോകവും എ.എം.എം.എയും ആകെ ഉലഞ്ഞിരുന്നു. എ.എം.എം.എയിലെ കൂടുതല്‍ അംഗങ്ങള്‍ക്കൈതിരെ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സ്ഥാനമൊഴിയാന്‍ മോഹന്‍ലാല്‍ നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. ചൊവ്വാഴ്ച എക്‌സിക്യൂട്ടീവ് ചേര്‍ന്നു വിഷയം ചര്‍ച്ച ചെയ്യാന്‍ ആലോചിച്ചിരുന്നെങ്കിലും ഇതു മാറ്റി വെച്ചു. ഏതുവിധത്തില്‍ പ്രതിസന്ധി മറികടക്കുമെന്ന് അറിയാതെ സംഘടനാ നേതൃത്വവും വിഷമിച്ചതോടെയാണു താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ രാജിയുണ്ടായത്.

ഭരണ സമിതിയിലെ ചില ഭാരവാഹികള്‍ നേരിട്ട ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അതിന്റെ ധാര്‍മികമായ ഉത്തരവാദിത്തം മുന്‍നിര്‍ത്തിയാണ് ഭരണ സമിതിയുടെ രാജിയെന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജി വച്ച മോഹന്‍ലാലിന്റെ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. രണ്ടു മാസത്തിനുള്ളില്‍ പൊതുയോഗം കൂടി പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുമെന്നും അതുവരെ താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ നിലവിലുള്ള ഭരണസമിതി തുടരുമെന്നും കുറിപ്പില്‍ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സമൂഹ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ എ.എം.എം.എ. ഭരണസമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, എ.എം.എം.എയുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മികമായ ഉത്തരവാദിത്തം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു. രണ്ടു മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും. എ.എം.എം.എ. ഒന്നാം തീയതി നല്‍കുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും എ.എം.എം.എയുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും, നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. എ.എം.എം.എയെ നവീകരിക്കാനും ശക്തിപ്പെടുത്തുവാനും കെല്‍പുള്ള പുതിയൊരു നേതൃത്വം എ.എം.എം.എയ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും. -വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനവും നടന്‍ സിദ്ദിഖ് എ.എം.എം.എ. ജനറല്‍ സെക്രട്ടറി സ്ഥാനവും രാജിവെച്ചിരുന്നു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനു പിന്നാലെ രഞ്ജിത്തും നടി രേവതി സമ്പത്ത് ഉയര്‍ത്തിയ പീഡന ആരോപണത്തെ തുടര്‍ന്നു സിദ്ദിഖും രാജിവെയ്ക്കുകയായിരുന്നു. സിദ്ദിഖ് ഒഴിഞ്ഞതിനെത്തുടര്‍ന്ന് ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ജോയിന്റ് സെക്രട്ടറി ബാബുരാജിനുനേരെയും ആരോപണങ്ങള്‍ ഉയര്‍ന്നതോടെ സംഘടന കടുത്ത പ്രതിസന്ധിയിലായി.

വിഷയത്തില്‍ പരസ്യ പ്രതികരണവുമായി നടന്‍ ജഗദീഷ് അടക്കമുള്ള താരങ്ങള്‍ എത്തിയതും എ.എം.എം.എയില്‍ നിനില്‍ക്കുന്ന ഭിന്നത മറനീക്കി പുറത്ത് വന്നതിന് ഉദാഹരണമായി. ജയന്‍ ചേര്‍ത്തല അടക്കമുള്ള അംഗങ്ങളും എ.എം.എം.എയുടെ നേതൃത്വത്തിനെതിരെ രംഗത്തെത്തി. എ.എം.എം.എയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടന്‍ പൃഥ്വിരാജ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിക്കുകയും ചെയ്തു.

Related Articles

Kerala

India

Entertainment

Sports