കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. നിലവിലെ വിവാദങ്ങള്‍ സിനിമാ മേഖലയെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണം. ആരോപണങ്ങളില്‍ പഴുതടച്ച അന്വേഷണം നടക്കണം. അന്വേഷണത്തിനൊടുവില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകണം. അങ്ങനെ മാത്രമെ ഇതിന് ഇവസാനം ഉണ്ടാക്കാന്‍ സാധിക്കൂവെന്ന് പൃഥ്വിരാജ് പറഞ്ഞു.
ആരോപണങ്ങള്‍ കള്ളമെന്ന് തെളിയിക്കപ്പെട്ടാല്‍ മറിച്ചും ശിക്ഷാനടപടികള്‍ ഉണ്ടാവണം. ഇരകളുടെ പേരുകള്‍ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണവിധേയരുടെ പേര് പുറത്തുവിടുന്നതില്‍ നിയമ തടസ്സമില്ലെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടലില്ല. ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരില്‍ ഒരാളാണ് ഞാന്‍. കുറ്റകൃത്യങ്ങളില്‍ തുടര്‍നടപടി എന്താണെന്ന് അറിയാന്‍ നിങ്ങളെപോലെ എനിക്കും ആകാംക്ഷയുണ്ട്. പരാതികളില്‍ അന്വേഷണം നടത്തുന്നത് അടക്കം നിലവിലെ വിവാദങ്ങളില്‍ എ.എം.എം.എയ്ക്ക് വീഴ്ച്ച സംഭവിച്ചുവെന്നതില്‍ സംശയമില്ല. തനിക്ക് ചുറ്റുമുള്ള വര്‍ക്ക്സ്പേസ് സുരക്ഷിതമാക്കും എന്ന് പറയുന്നതില്‍ തീരുന്നതല്ല ഒരാളുടെയും ഉത്തരവാദിത്തം. താന്‍ ഇതിന്റെ ഭാഗമാകില്ല എന്ന് പറയുന്നിടത്ത് തീരുന്നില്ല ഉത്തരവാദിത്തമെന്നും താരം പറഞ്ഞു.
താരസംഘടനയായ എ.എം.എം.എ. തിരുത്തണം. ശക്തമായ ഇടപെടല്‍ സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. സ്ഥാനത്ത് ഇരിക്കുന്നവര്‍ക്കെതിരെ ആരോപണം വരികയാണെങ്കില്‍ അതില്‍ നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടുകയെന്നതാണ് മര്യാദ. പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ ഇല്ലാതാകണം. പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ ഇല്ലാതാകണം. അത്തരമൊരു സാന്നിധ്യം താന്‍ അനുഭവിച്ചിട്ടില്ല എന്നതുകൊണ്ട് അങ്ങനൊരു ഗ്രൂപ്പില്ല എന്ന് തനിക്കു പറയാനാവില്ല. നടി പാര്‍വ്വതിക്ക് മുമ്പ് മലയാളം സിനിമയില്‍ നിന്നും വിലക്ക് നേരിട്ടയാള്‍ താനല്ലേയെന്നും അദ്ദേഹം ചോദിച്ചു.
സംഘടിതമായി ഒരാളുടെ തൊഴിലവസരം നിഷേധിക്കുന്നുണ്ടെങ്കില്‍ നടപടി ഉണ്ടാകണം. അങ്ങനെയുള്ള അവകാശമോ അധികാരമോ ആര്‍ക്കും ഇല്ല. എല്ലാ സംഘടനയുടെ തലപ്പത്തും വനിതാ പ്രാതിനിധ്യം ഉണ്ടാകണം. അതില്‍ താരസംഘടനയ്ക്ക് മാറിനില്‍ക്കാന്‍ കഴിയില്ല. തിരുത്തല്‍ ആദ്യം നടന്നത് മലയാളം സിനിമയില്‍ ആണെന്നത് ചരിത്രം രേഖപ്പെടുത്തുമെന്നും പൃഥ്വിരാജ് പറഞ്ഞു.