ആലപ്പുഴ: 22കാരിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭയില്‍ ലജ്‌നത്ത് വാര്‍ഡില്‍ പനയ്ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയാണ് (22) ആണ് മരിച്ചത്. നാല് മാസം മുന്‍പായിരുന്നു വിവാഹം. സംഭവത്തെക്കുറിച്ച് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.
ഡെന്റല്‍ ടെക്നീഷ്യനായി മൂവാറ്റുപുഴയില്‍ താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു ആസിയ. ഇവര്‍ ആഴ്ചയില്‍ ഒരു ദിവസമാണ് ഭര്‍തൃവീട്ടില്‍ വരുന്നത്. ഞായറാഴ്ച രാത്രി ഭര്‍ത്താവും മാതാപിതാക്കളും പുറത്ത് പോയി വന്നപ്പോഴാണ് ആസിയയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് ഭര്‍ത്താവ് മുനീര്‍.
ആസിയ മരിക്കുന്നതിന് മുന്‍പ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മരണത്തിന്റെ സൂചനകളുണ്ട്. പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും അദ്ദേഹത്തിനൊപ്പം പോകുന്നു എന്നുമാണ് ആസിയ എഴുതിയത്. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഈ സ്റ്റാറ്റസ് ഇട്ടത് യുവതി തന്നെയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വിവാഹത്തിന് ഒരു മാസം മുന്‍പാണ് ആസിയയുടെ പിതാവ് മരിച്ചത്. നാല് മാസം മുന്‍പായിരുന്നു ആസിയയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു ഇത്. എന്നാല്‍ നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹം പിതാവിന്റെ മരണത്തിന് ഒരു മാസത്തിന് ശേഷം മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടത്തുകയായിരുന്നു. പക്ഷേ പിതാവിന്റെ മരണത്തില്‍ അതീവ ദുഃഖിതയായിരുന്നു ആസിയ എന്നു പറയപ്പെടുന്നു.