തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊട്ടിപ്പുറപ്പെട്ട വിവാദമാണ് രഞ്ജിത്തിന്റെ രാജിയില്‍ കലാശിച്ചത്.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവെയ്ക്കണമെന്ന് രഞ്ജിത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്കിയിരുന്നു. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ കൂടിയാലോചനയിലാണ് രഞ്ജിത്തിനോടു രാജി ആവശ്യപ്പെടുന്ന കാര്യത്തില്‍ ധാരണയായത്. പാര്‍ട്ടി നിലപാട് സ്വീകരിച്ചതോടു കൂടി രഞ്ജിത്തിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ എത്തി.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു കാര്യമായ ആശയവിനിമയം രഞ്ജിത്തിന്റെ രാജി സംബന്ധിച്ച് നടന്നിരുന്നു. ഈ സമയത്ത് വയനാട്ടിലായിരുന്ന രഞ്ജിത്ത് നിര്‍ദ്ദേശം ലഭിച്ചതിന്റെ തുടര്‍ച്ചയായി തന്റെ കാറില്‍ സ്ഥാപിച്ചിരുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന ബോര്‍ഡ് അഴിച്ചുമാറ്റുകയും അവിടെ നിന്നു കോഴിക്കോട്ടേക്ക് യാത്ര തിരിക്കുകയും ചെയ്തു.
രഞ്ജിത്ത് സ്വമേധയാ രാജിവെച്ചു പോകുന്നതു പോലൊരു പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ചില കേന്ദ്രങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. രഞ്ജിത്ത് ഒഴിയുന്നതാണ് നല്ലതെന്ന അഭിപ്രായം ഇടതു കക്ഷികള്‍ക്കിടയില്‍ തന്നെ ശക്തമായി ഉണ്ടായി. ഇതു കൂടി പരിഗണിച്ചാണ് ചെയര്‍മാന്‍ മാറണമെന്ന് സി.പി.എം. നേതൃത്വം തീരുമാനിച്ചത്.
ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് രഞ്ജിത്ത് ഒഴിയണം എന്ന അഭിപ്രായം ചലച്ചിത്ര അക്കാദമിക്കുള്ളില്‍ നിന്നു തന്നെ ഉയര്‍ന്നു. സിനിമാ രംഗത്തുള്ളവരും ഈ അഭിപ്രായം പ്രകടിപ്പിച്ചു. ഏറ്റവും ഒടുവില്‍ ആരോപണം ഉയര്‍ന്ന് 12 മണിക്കൂറിനുള്ളില്‍ സിദ്ദിഖ് കൂടി അമ്മ ഭാരവാഹിത്വം ഒഴിഞ്ഞതോടെ രഞ്ജിത്തിന് ഉടന്‍ രാജിയല്ലാതെ മറ്റ് വഴിയില്ലാതാകുയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്ന് നടി വെളിപ്പെടുത്തി.