വാഷിങ്ടണ്‍: ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കയാത്രയ്ക്ക് 2025 ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവരുമെന്നു നാസ. ഇവരെ തിരികെയെത്തിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അമെരിക്കന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചു. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പെയ്‌സ് എക്‌സിന്റെ പേടകത്തെയാകും മടക്കയാത്രയ്ക്ക് ആശ്രയിക്കുക.
അതേസമയം സുനിതയ്ക്ക് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുത്തതായി റിപ്പോര്‍ട്ടുണ്ട്. പുറത്തുവന്ന വിവരങ്ങളനുസരിച്ച് അവരുടെ ആരോഗ്യനിലയില്‍ ആശങ്കയ്ക്കു വകയുണ്ട്. സ്‌പേസ് അനീമിയ ആണ് സുനിത ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം. ചുവന്ന രക്താണുക്കള്‍ ക്രമാതീതമായി കുറയുന്ന പ്രശ്‌നമാണിത്. മൈക്രോ ഗ്രാവിറ്റി കാരണം ഭൂമിയിലേക്കാള്‍ വേഗത്തിലാവും അളവ് കുറയുക. തളര്‍ച്ചയാണ് ഇതിന്റെ പ്രധാന ലക്ഷണം. യാത്രികര്‍ക്ക് കാഴ്ച ശക്തിക്കും ഇതിനകം തന്നെ പ്രശ്‌നം നേരിട്ടിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് ബോയിങ് കമ്പനിയുടെ സ്റ്റാര്‍ലൈനര്‍ എന്ന പേടകത്തില്‍ സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിലെത്തിയത്. എട്ട് ദിവസത്തെ ദൗത്യത്തിന് ശേഷം മടങ്ങേണ്ടതായിരുന്നു. എന്നാല്‍, പേടകത്തില്‍ ഹീലിയം ചോര്‍ച്ചയും ത്രസ്റ്റര്‍ പ്രശ്നങ്ങളും കണ്ടെത്തിയത് മടക്കയാത്രയ്ക്ക് തടസ്സമായി. പേടകത്തിന്റെ പ്രൊപ്പല്‍ഷന്‍ സംവിധാനത്തിനുണ്ടായ തകരാറാണ് പ്രശ്‌നമായത്. നാല് മാസത്തിനടുത്തായി ബഹിരാകാശ നിലയത്തില്‍ കുരുങ്ങിക്കിടക്കുകയാണ്.
സ്റ്റാര്‍ലൈനറിന്റെ പ്രശ്നങ്ങള്‍ പരിഹരിച്ച് ഇരുവരെയും വേഗം തിരിച്ചെത്തിക്കാന്‍ നാസ ശ്രമിച്ചെങ്കിലും ഇതു വിജയിച്ചില്ല. തുടര്‍ന്നാണ് സ്‌പെയ്‌സ് എക്‌സിനെ ആശ്രയിക്കാന്‍ തീരുമാനിച്ചത്. എളുപ്പത്തിലെടുക്കാനാവുന്നതല്ലെങ്കിലും ശരിയായ തീരുമാനമാണിതെന്നു നാസയുടെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ജിം ഫ്രീ പറഞ്ഞു. സാങ്കേതികത്തകരാറുകള്‍ മൂലം പലതവണ മാറ്റിവച്ചശേഷമായിരുന്നു ജൂണില്‍ സ്റ്റാര്‍ലൈനര്‍ വിക്ഷേപിച്ചത്. മൂന്നാം ശ്രമത്തിലാണ് പേടകത്തിന് ലിഫ്റ്റ് ഓഫ് ലഭിച്ചത്.
ഇന്ത്യന്‍ വംശജയായ സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. 2006ലായിരുന്നു ആദ്യ യാത്ര. രണ്ടാമത്തേത് 2012ല്‍. ഒരു വര്‍ഷത്തോളം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. യു.എസ.് നേവിയിലെ മുന്‍ ക്യാപ്റ്റനായ ബുച്ച് വില്‍മോര്‍ 178 ദിവസം ബഹിരാകാശത്ത് ചെലവിട്ടിട്ടുണ്ട്.