തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മൂടിവെച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. ബംഗാളി നടിയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
വേട്ടക്കാരെ ന്യായീകരിക്കുകയും ഇരകളെ തള്ളിപ്പറയുകയും ചെയ്യുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലാതിരുന്നിട്ടും പിണറായി സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഉമ്മന്‍ചാണ്ടിയെ വേട്ടയാടുകയായിരുന്നുവെന്ന് സജി ചെറിയാന്റെ കുറ്റസമ്മതമായി കാണണം.
നിയമപരമായ ഉത്തരവാദിത്വം മറന്നുകൊണ്ട് കേസെടുക്കില്ലെന്ന് പറയുന്ന മന്ത്രി സ്ഥാനമൊഴിയണം. മന്ത്രി നിയമപരമായ ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടി. ഇത്തരത്തില്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി രാജിവെയ്ക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
രഞ്ജിത്ത് നല്ല സംവിധായകനാണ്. നല്ല ചിത്രങ്ങള്‍ കേരളത്തില്‍ നല്‍കിയിട്ടുണ്ട്. പക്ഷേ, ഈ അവസരത്തില്‍ രഞ്ജിത്ത് ഈ സ്ഥാനത്തുനിന്ന് ഒഴിയണമെന്നാണ് അദ്ദേഹത്തോട് അഭ്യര്‍ഥിക്കാനുള്ളതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.