30 C
Trivandrum

വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലെ കളി ധവാന്‍ മതിയാക്കി. 2010നും 2022നുമിടയില്‍ ഇന്ത്യക്കായി 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിനവും 68 ടി20 മത്സരങ്ങളും ധവാന്‍ കളിച്ചിട്ടുണ്ട്.

ഇന്ത്യയുടെ മികച്ച ഓപ്പണിങ് ബാറ്റര്‍മാരില്‍ ഒരാളാണ് പാഡഴിക്കുന്നത്. ഇടംകൈയ്യന്‍ ബാറ്റര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമില്‍ തന്റേതായ സാന്നിധ്യം ഉറപ്പിക്കാന്‍ ധവാന് കഴിഞ്ഞു. ഏകദിനക്രിക്കറ്റിലാണ് താരം കൂടുതല്‍ ശോഭിച്ചത്.

ഡല്‍ഹിയില്‍ ജനിച്ച ധവാന്‍ 2010 ഒക്ടോബറില്‍ വിശാഖപട്ടണത്ത് ഓസ്ട്രേലിയക്കെതിരേയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. 2013 മുതല്‍ മൂന്നുഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി. 2015ല്‍ ഏകദിനലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം കൂടിയാണ്. മൂന്നു ഫോര്‍മാറ്റിലും കൂടി 10,000ലേറെ റണ്‍സ് ധവാന്‍ അടിച്ചുകൂട്ടിയിട്ടുണ്ട്.


‘കഥ മുഴുവനായി വായിക്കാന്‍ പേജ് മറിച്ചുനോക്കണമെന്നൊരു വാക്യമുണ്ട്. ഞാന്‍ അതാണ് ചെയ്യാന്‍ പോകുന്നത്. അന്താരാഷ്ട, ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ഞാന്‍ എന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്’ -ധവാന്‍ പറഞ്ഞു. കരിയറില്‍ ഒപ്പം കളിച്ച ടീമംഗങ്ങളോട് നന്ദി പറഞ്ഞ താരം ആരാധകരാേടുള്ള സ്നേഹവും പ്രകടിപ്പിച്ചു.

‘ഇന്ന് ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് നല്ല ഓര്‍മകള്‍ മാത്രമാണുള്ളത്. ഇന്ത്യക്കു വേണ്ടി കളിക്കുകയെന്നതായിരുന്നു എന്റെ ഒരേയൊരു സ്വപ്നം. അതെനിക്ക് സാധിച്ചു. എന്റെ യാത്രയില്‍ സംഭാവനകള്‍ നല്‍കിയ കുറേ പേരുണ്ട്. അവരോടെല്ലാം നന്ദിയുണ്ട്. ആദ്യം എന്റെ കുടുംബമാണ്. എന്റെ കുട്ടിക്കാലത്തെ പരിശീലകന്‍ പരേതനായ താരക് സിന്‍ഹ, മദന്‍ ശര്‍മ. അവരുടെ കീഴിലാണ് ഞാന്‍ കളിയുടെ ബാലപാഠങ്ങള്‍ പഠിക്കുന്നത്’ -ധവാന്‍ കൂട്ടിച്ചേര്‍ത്തു.


2022 ഡിസംബറിലാണ് ധവാന്‍ അവസാനമായി ഇന്ത്യക്കു വേണ്ടി കളിക്കുന്നത്. ഐ.പി.എല്ലില്‍ അദ്ദേഹം കളി തുടര്‍ന്നേക്കും.

Related Articles

Kerala

India

Entertainment

Sports

Enable Notifications OK No thanks