തിരുവനന്തപുരം: ഐ.ടി., അനുബന്ധ സോഫ്റ്റ്വേര്‍ കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ കമ്പനികള്‍ക്ക് 13,255 കോടി വരുമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനത്തിലധികമാണ് വളര്‍ച്ച. മുന്‍ സാമ്പത്തികവര്‍ഷം സോഫ്റ്റ്വേര്‍ കയറ്റുമതിയില്‍ ടെക്‌നോപാര്‍ക്കിന്റെ മൊത്തം വരുമാനം 11,630 കോടി രൂപയായിരുന്നു.
വിശാലമായ 768.63 ഏക്കറില്‍ 12.72 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള രാജ്യത്തെ പ്രമുഖ ഐ.ടി. ഹബ്ബാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്. ഇവിടെ 490 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. 75,000 പ്രത്യക്ഷ ജോലിയും രണ്ടുലക്ഷത്തോളം നേരിട്ടല്ലാത്ത ജോലിയും നല്‍കിവരുന്നു.
ടെക്‌നോപാര്‍ക്കിന്റെ മൂന്ന്, നാല് ഘട്ടങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഐ.ടി. ഹബ്ബുകളിലൊന്നായി ടെക്‌നോപാര്‍ക്ക് മാറും. ബിസിനസ് വളര്‍ച്ച, നവീകരണം, തൊഴിലിടത്തെ മികവ് എന്നീ രംഗങ്ങളില്‍ ഈ വര്‍ഷംതന്നെ ടെക്‌നോപാര്‍ക്കിലെ നിരവധി കമ്പനികള്‍ അനേകം ദേശീയ, അന്തര്‍ദേശീയ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. രാജ്യത്ത് അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ സുപ്രധാന കേന്ദ്രമായി ടെക്‌നോപാര്‍ക്ക് മാറിയിരിക്കുകയാണ്.
കേരളത്തിലെ ഊര്‍ജസ്വലമായ ഐ.ടി. ആവാസവ്യവസ്ഥയുടെയും ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ബിസിനസ് കാഴ്ചപ്പാടിന്റെയും പ്രൊഫഷണലിസത്തിന്റെയും കരുത്തു തെളിയിക്കുന്നതാണ് ഈ മികവാര്‍ന്ന പ്രകടനമെന്ന് ടെക്‌നോപാര്‍ക്ക് സി.ഇ.ഒ. കേണല്‍ സഞ്ജീവ് നായര്‍ പറഞ്ഞു.അമരിക്ക, യൂറോപ്പ്, പൂര്‍വേഷ്യ, പശ്ചിമേഷ്യ എന്നിവയടക്കം ഒട്ടേറെ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഈ വര്‍ഷം ടെക്‌നോപാര്‍ക്ക് സന്ദര്‍ശിക്കുകയും ഇവിടെയുള്ള അടിസ്ഥാനസൗകര്യങ്ങളില്‍ മതിപ്പ് പ്രകടിപ്പിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.