ഭോപാല്‍: മധ്യപ്രദേശില്‍ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വീടിന്റെ ഭിത്തി തകര്‍ന്നുവീണ് ഒമ്പത് കുട്ടികള്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.
സാഗര്‍ ജില്ലയിലെ ഷാഹ്പുരില്‍ ഹര്‍ദൗള്‍ ബാബ ക്ഷേത്രത്തിലെ ചടങ്ങിനിടെ ഞായറാഴ്ച രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. സാവന്‍ ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രപരിസരത്ത് കെട്ടിയ താല്‍ക്കാലിക പന്തലിലിരുന്ന് മണ്ണുകൊണ്ട് ശിവലിംഗങ്ങള്‍ നിര്‍മിക്കുന്നതിനിടെ സമീപത്തെ വീടിന്റെ ചുമര്‍ കുട്ടികള്‍ക്കു മേല്‍ ഇടിഞ്ഞുവീഴുകയായിരുന്നു.
കനത്ത മഴയിലാണ് 50 വര്‍ഷത്തോളം പഴക്കമുള്ള ജീര്‍ണിച്ച ചുമര്‍ ഇടിഞ്ഞുവീണത്. പത്തിനും പതിനഞ്ചിനും പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. അവധി ദിവസമായതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ധാരാളം കുട്ടികള്‍ എത്തിയിരുന്നു. മണ്ണുമാന്തി യന്ത്രം എത്തിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്താണ് പരിക്കേറ്റ കുട്ടികളെയും മൃതദേഹങ്ങളും പുറത്തെടുത്തത്.
മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം വീതവും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രേവ ജില്ലയിലെ സ്‌കൂളിന് സമീപത്തെ പഴയ വീടിന്റെ മതിലിടിഞ്ഞുവീണ് നാല് കുട്ടികള്‍ മരിച്ചിരുന്നു.